Home » Blog » Kerala » രോഹിത് ശർമ്മയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് പിന്നിൽ സത്യമുണ്ടായിരുന്നു? ലോർഡ്സിലെ സെഞ്ച്വറിയോടെ താരം അതിന് മറുപടി : ആർ. അശ്വിൻ
images - 2026-07-22T190051.247

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനം രോഹിത് ശര്‍മ്മയുടെ അവസാന മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, മത്സരത്തിൽ 138 റൺസ് നേടി താരം മികച്ച പ്രകടനം കാഴ്ചവച്ചു. ലോര്‍ഡ്‌സില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി മാറിയതോടെ അദ്ദേഹത്തിന്റെ വിരമിക്കല്‍ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമമായി. എന്നാൽ, മത്സരത്തിന് മുന്നേയുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ വസ്തുതകളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.

 

അവസാന ഏകദിനത്തിന് മുമ്പ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും ഹെഡ് കോച്ച് ഗൗതം ഗംഭീറുമായും രോഹിത് തര്‍ക്കത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മത്സരം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബിസിസിഐ ഈ ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും, ആ വാർത്തകളിൽ ചില സത്യങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ തന്റെ സെഞ്ച്വറി പ്രകടനത്തിലൂടെ രോഹിത് അതിന് ചുട്ടമറുപടി നല്‍കിയെന്നും അശ്വിന്‍ വ്യക്തമാക്കി.

 

2027ലെ ഏകദിന ലോകകപ്പ് കളിക്കുന്നതില്‍ രോഹിത്തിന്റെ മനസ്സില്‍ യാതൊരു സംശയവുമില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 2026 ഐപിഎല്‍ സീസണിനിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്ന രോഹിത്, പരിക്കിന്റെ അവശതകളെയും കടുത്ത സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചാണ് ഈ സെഞ്ച്വറി നേടിയത്. താരം പൂര്‍ണ ഫിറ്റ്നസിലായിരുന്നെങ്കില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പ്രശംസിച്ചു.

 

2027 ലോകകപ്പിലെ രോഹിത്തിന്റെയും വിരാട് കോഹ്‌ലിയുടെയും സ്ഥാനം സംബന്ധിച്ച് ടീം മാനേജ്മെന്റ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കോഹ്‌ലി ടീമില്‍ സ്ഥാനം ഉറപ്പാക്കുമ്പോള്‍, രോഹിത്തിന്റെ പ്രകടനം ചില കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. എങ്കിലും ലോര്‍ഡ്‌സിലെ സെഞ്ച്വറി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റിയിട്ടുണ്ടെന്നും, താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നിടത്തോളം കാലം അവരെ ഒഴിവാക്കാന്‍ ആർക്കും കഴിയില്ലെന്നും അശ്വിന്‍ വാദിക്കുന്നു.