ഓസ്‌ട്രേലിയൻ മണ്ണിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒരുമിച്ച് കളിച്ച അവസാന ഇന്നിംഗ്‌സ് ആരാധകരെ മാത്രമല്ല, കമന്റേറ്റർമാരെയും വികാരഭരിതമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ബാറ്റ് ചെയ്യുന്നതിനിടെ ഒരു ഓസ്‌ട്രേലിയൻ കമന്റേറ്റർ കണ്ണീരണിഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഓസ്‌ട്രേലിയയിൽ മത്സരം സംപ്രേക്ഷണം ചെയ്ത സ്ഥാപനത്തിലെ കമന്റേറ്റർമാരിൽ ഒരാളാണ് ‘രോ-കോ’യുടെ ബാറ്റിംഗ് കണ്ട് വികാരാധീനനായത്.
സിഡ്‌നി ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത്തും കോഹ്‌ലിയും കാണികൾക്ക് വലിയ ആവേശമായിരുന്നു സമ്മാനിച്ചത്. കമന്ററി ബോക്സിലും ഈ ആവേശം അലയടിച്ചു. മത്സരത്തിനിടെ സഹപ്രവർത്തകൻ കോഹ്‌ലിയെയും രോഹിത്തിനെയും കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോൾ ഒരു ഓസ്‌ട്രേലിയൻ കമന്റേറ്റർ കണ്ണീരോടെ നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഓസീസ് മണ്ണിൽ തങ്ങളുടെ അവസാന മത്സരമായിരിക്കും ഇതെന്ന് കോഹ്‌ലിയും രോഹിത്തും മത്സരശേഷം നടത്തിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. സിഡ്‌നിയിലെ ഏകദിനത്തിന് ശേഷം ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചതിൽ ആരാധകരോട് കോഹ്‌ലി നന്ദി പറഞ്ഞു. ഇനി ഇരുവർക്കും ഓസ്‌ട്രേലിയയിൽ ഒരു പരമ്പര കളിക്കാൻ സാധിക്കുമോ എന്ന് അറിയില്ലെന്ന് രോഹിത്തും വ്യക്തമാക്കി. ഇവരുടെ വാക്കുകൾ ഓസീസ് മണ്ണിലെ ‘രോ-കോ’യുടെ അവസാന ബാറ്റിംഗ് എന്ന സാധ്യതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും തകർപ്പൻ പ്രകടനമാണ് നടത്തിയത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ രോഹിത് സെഞ്ച്വറിയും കോഹ്‌ലി അർദ്ധ സെഞ്ച്വറിയും നേടി ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സമ്മാനിച്ചു. 125 പന്തിൽ പുറത്താകാതെ 121 റൺസ് (മൂന്ന് സിക്‌സും 13 ഫോറും) അടിച്ചെടുത്ത രോഹിത് ശർമയാണ് ‘പ്ലെയർ ഓഫ് ദി സീരീസ്’, ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്‌കാരങ്ങൾ നേടിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി, സിഡ്‌നിയിൽ തകർപ്പൻ അർദ്ധ സെഞ്ച്വറിയോടെ (81 പന്തിൽ ഏഴ് ബൗണ്ടറികളടക്കം പുറത്താകാതെ 74 റൺസ്) ഫോമിലേക്ക് തിരിച്ചെത്തി. രോഹിത് ശർമയ്ക്കൊപ്പം വിജയത്തിലേക്ക് ബാറ്റേന്തിയ കോഹ്‌ലി, ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
