അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്ത് വന്നു. രാമക്ഷേത്രത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ഓരോ ദിവസവും പുറത്തുവരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വന്‍കിട സ്രാവുകളെയും യഥാര്‍ത്ഥ കുറ്റവാളികളെയും സംരക്ഷിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചമ്പത് റായി അടക്കമുള്ളവര്‍ പല സത്യങ്ങളും വിളിച്ചുപറയും എന്ന ഭയമാണ് മോദിക്കെന്നും ജയറാം രമേശിന്റെ ആരോപണമുണ്ടായി.
കഴിഞ്ഞ ദിവസം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കെ സി വേണുഗോപാല്‍ എംപിയും രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാല്‍ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും മിണ്ടുന്നില്ല. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ഉയരാന്‍ പോകുന്നതും അയോധ്യ കൊള്ളയില്‍ ആയിരിക്കുമെന്നും സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്ന ഒരു അന്വേഷണം കൊണ്ട് മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
