തെലുങ്ക് താരം നാനി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ “ആയാ ഷേർ” എന്ന ഗാനം യൂട്യൂബിൽ 101 മില്യൺ കാഴ്ചക്കാരെയും 1.3 മില്യൺ ലൈക്കുകളെയും നേടി ആഗോളതലത്തിൽ തരംഗമാകുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ദസറ’യ്ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും നിർമ്മാതാവ് സുധാകർ ചെറുകുറിയും വീണ്ടും ഒന്നിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 ഓഗസ്റ്റ് 21-നാണ് തീയേറ്ററുകളിലെത്തുന്നത്. നാനിയുടെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ഈ ഗാനം, റിലീസ് ചെയ്ത് 24 മണിക്കൂറിനകം 15 മില്യൺ കാഴ്ചക്കാരെ നേടി റെക്കോർഡ് സൃഷ്ടിച്ചതിന് പിന്നാലെ ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടുകളിൽ ഒന്നാമതെത്തി.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനത്തിന് നാനി ചെയ്ത ഐക്കണിക് ഹുക്ക് സ്റ്റെപ്പുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ വൈറലായിട്ടുണ്ട്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും ഒന്നിക്കുന്ന ‘ദ പാരഡൈസി’ൽ അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുദ്ധ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുധൻ മാസ്റ്റർ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഇൻട്രൊഡക്ഷൻ ഗാനം യുകെ, യുഎസ്എ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലെ മ്യൂസിക് ചാർട്ടുകളിലും മുൻപന്തിയിൽ ഇടംപിടിച്ചു കഴിഞ്ഞു.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായി ഒരുങ്ങുന്ന ‘ദ പാരഡൈസ്’ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ എട്ട് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. രാഘവ് ജൂയാൽ, മോഹൻ ബാബു, സോണാലി കുൽക്കർണി തുടങ്ങിയ വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന് സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ‘സ്പാർക്ക് ഓഫ് പാരഡൈസ്’ എന്ന ഗ്ലിമ്പ്സ് വീഡിയോയും പോസ്റ്ററുകളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വലിയതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
