യുവേഫ നേഷന്‍സ് ലീഗ്: സ്‌പെയിനിനെ വീഴ്ത്തി പോര്‍ച്ചുഗല്‍; കിരീടത്തില്‍ മുത്തമിട്ട് റൊണാള്‍ഡോ

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 നാണ് പോര്‍ച്ചുഗലിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോര്‍ച്ചുഗലിന്റെ ന്യൂനോ മെന്‍ഡസാണ് ഫൈനലിലെ താരം.

നിശ്ചിത സമയവും എക്‌സ്ട്രാ സമയവും കടന്ന് പെനല്‍റ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോര്‍ച്ചുഗലിന്റെ കിരീട നേട്ടം. നിലവിലെ ചാംപ്യന്മാരായ സ്‌പെയിനിന്റെ യുവനിരയെ വീഴ്ത്തി നേടിയ ജയം. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാല്‍ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ തടഞ്ഞത് നിര്‍ണായകമായി. പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയും സ്‌പെയിനിന്റെ ലമീന്‍ യമാലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിനാല്‍ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.

21-ാം മിനിട്ടില്‍ സ്‌പെയിനിന്റെ മാര്‍ട്ടിന്‍ സുബി മെന്‍ഡിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 25ാം മിനിട്ടില്‍ ന്യൂനോ മെന്‍ഡസ് പോര്‍ച്ചുഗലിനായി ആദ്യ ഗോളടിച്ചു. 45-ാം മിനിട്ട് വരെ മത്സരം സമനിലയില്‍ തുടര്‍ന്നു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുന്‍പ് ലീഡ് നേടാന്‍ സ്‌പെയിന് കഴിഞ്ഞു. മൈക്കല്‍ ഒയാര്‍ സബാല്‍ സ്‌പെയിനിനായി രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയിലും മുന്നേറ്റം തുടര്‍ന്ന സ്‌പെയിനെ പിടിച്ചു കെട്ടിയത് റൊണാള്‍ഡോ നേടിയ ഗോളാണ്. 61-ാം മിനിട്ടിലാണ് ആ നിര്‍ണായക ഗോള്‍ പിറന്നത്. ഇതോടെ 2-2 എന്ന നിലയിലായി.

90-ാം മിനിട്ടിലും സമനില തുടര്‍ന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍ 120 മിനിട്ടിന് ശേഷവും വിജയ ഗോള്‍ പിറന്നില്ല. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തുകയും ചെയ്തു. പോര്‍ച്ചുഗലിനായി ഗോണ്‍സാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, ന്യൂനോ മെന്‍ഡസ്, റൂബന്‍ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. സ്പാനിഷ് നിരയില്‍ മൈക്കല്‍ മെറീനോ, അലക്‌സ് ബയേന, ഇസ്‌കോ എന്നിവരും വല കുലുക്കി. ജയത്തിന് പിന്നാലെ ആനന്ദ കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

More From Author

Leave a Reply

Your email address will not be published. Required fields are marked *