Home » Blog » Kerala » ​യു.പിയിൽ കോടിക്കണക്കിന് ഹിന്ദു വോട്ടുകൾ വെട്ടിമാറ്റി; ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Yogi-Adityanath-680x450

ലഖ്‌നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്നും കോടിക്കണക്കിന് ഹിന്ദുക്കളുടെ പേരുകൾ വ്യാപകമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന ഗുരുതര അവകാശവാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ നടന്ന ബി.ജെ.പി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്ത് 1.27 കോടിയോളം ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയിട്ടുണ്ടെന്നും, അർഹരായ മുഴുവൻ വോട്ടർമാരെയും പട്ടികയിൽ തിരികെ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തരമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

വോട്ടർമാരെ ഇത്തരത്തിൽ വൻതോതിൽ ഒഴിവാക്കിയത് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വിജയസാധ്യതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ട സ്ഥാനത്ത് നിലവിൽ ഏകദേശം 13 കോടി വോട്ടർമാർ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലുള്ള 66 ലക്ഷത്തോളം പേരുടെ വിവരങ്ങൾ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. ഇതിന് പുറമേ, സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം പേരും 18-19 പ്രായപരിധിയിലുള്ള 4.5 ലക്ഷത്തോളം നവാഗത വോട്ടർമാരും പട്ടികയ്ക്ക് പുറത്താണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ എസ്.ഐ.ആർ പുനഃപരിശോധനാ പ്രക്രിയയിലൂടെ കേവലം നാലുലക്ഷം വോട്ടർമാരെ മാത്രമാണ് പുതുതായി കൂട്ടിച്ചേർക്കാൻ സാധിച്ചതെന്ന കാര്യത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.

 

യോഗ്യരായ മുഴുവൻ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് സജീവമായി പ്രവർത്തിക്കാൻ പ്രവർത്തകർക്ക് യോഗി നിർദ്ദേശം നൽകി. വിട്ടുപോയ ഹിന്ദു വോട്ടർമാരെ മുഴുവൻ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള തീവ്രയജ്ഞത്തിന് എം.പിമാരും എം.എൽ.എമാരും പാർട്ടി ഭാരവാഹികളും നേരിട്ട് നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *