
തിരുവനന്തപുരം: മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേർഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രകൃതിദുരന്തവും മഴക്കെടുതിയും നേരിടുന്ന ഘട്ടത്തിൽ യാത്ര ചെയ്തേ പറ്റൂ എന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അതിനായി വിമാനയാത്ര നടത്തിയതിൽ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
മലയാളി ആയ ഒരാളാണ് യാത്രയ്ക്കായി വിമാനം അറേഞ്ച് ചെയ്ത് നൽകിയത്. വ്യക്തികൾ വിമാനം സ്പോൺസർ ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച അദ്ദേഹം, ഒരു ഔദാര്യവും കൈപ്പറ്റാനല്ല ഇവർ വിമാനം നൽകിയതെന്നും വ്യക്തമാക്കി. ഇതിന് മുൻപ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും നിരവധി തവണ സ്വകാര്യ വ്യക്തികളുടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് യാത്രയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്താണെന്ന് കാണിച്ച് ധവളപത്രം ഇറക്കിയതാണ്. ദുരന്തനിവാരണ ഫണ്ട് മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനുള്ളതല്ല, അത് പാവപ്പെട്ടവർക്ക് കൊടുക്കാനുള്ളതാണ്. എന്തിനാണ് വെറുതെ സർക്കാരിന്റെ പൈസ ചെലവാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ സഞ്ചരിക്കുന്നുണ്ട്. തനിക്ക് പെട്ടി എടുക്കാൻ ആരോഗ്യമുണ്ട്. ഗൺമാൻമാരെ പോലും കൂട്ടാതെ ഒറ്റയ്ക്ക് ഡൽഹിയിൽ പോവുന്ന ഒരു മുഖ്യമന്ത്രിയേ ഈ രാജ്യത്തുള്ളൂ, അത് കേരള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് വഴി 80 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ തുക കുറയ്ക്കുന്നതിനെക്കുറിച്ച് നിലവിൽ ചർച്ചകൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
