
ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം കടുപ്പിച്ച് സർക്കാർ. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിക്കൊണ്ട് ഫയൽ ലോക്ഭവന് കൈമാറി. മുൻ മന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പദവി പരിഗണിച്ചാണ് ഗവർണറുടെ അനുമതി തേടിയിരിക്കുന്നത്. ഇതിനിടയിൽ, കേസിൽ അന്വേഷണം വൈകുന്നുവെന്ന ആക്ഷേപങ്ങളും ഒത്തുകളി ആരോപണങ്ങളും ശക്തമായി നിലനിന്നിരുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ ഇടപെടൽ.
വിവാദവുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതിന് ഇതിനോടകം അനുമതി ലഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കാൻ വി. അബ്ദുറഹ്മാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. ഈ ഇടപാടിലൂടെ മന്ത്രി മറ്റെന്തെങ്കിലും വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. വകുപ്പ് സെക്രട്ടറിയെ പോലും അറിയിക്കാതെ ഫയലുകൾ കൈകാര്യം ചെയ്യുകയും സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വഴിവിട്ട ഉത്തരവുകൾ ഇറക്കുകയും ചെയ്തുവെന്നാണ് സത്യപാലനെതിരെയുള്ള കുറ്റം. കൂടാതെ, സർക്കാർ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാറിൽ സാക്ഷിയായി ഒപ്പിട്ടതാണ് യു. ഷറഫലിക്കെതിരെയുള്ള പ്രധാന ആരോപണം.
ഈ തട്ടിപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളായ സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിസിഡിഎ എന്നിവയിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല. ഉന്നതങ്ങളിൽ നിന്നുള്ള ഉത്തരവുകൾ നടപ്പിലാക്കുക മാത്രമാണ് ഇവർ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും, തുടർ അന്വേഷണത്തിൽ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് വ്യക്തമായാൽ വരും ദിവസങ്ങളിൽ ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
