Home » Blog » Kerala » മെസ്സിയുടെ കൊൽക്കത്ത സന്ദർശനം; മാനനഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗാംഗുലി
c8ce1fb188d058b0335b8ce63f2e0032388b3745c4cdf748c659a723cd2a897f.0

മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ തന്റെ പേര് അനാവശ്യമായി ഉൾപ്പെടുത്തിയെന്നാരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി അർജന്റീന ഫാൻ ക്ലബ് ഓഫ് കൊൽക്കത്ത പ്രസിഡന്റ് ഉത്തം സാഹയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. 50 കോടി രൂപ നഷ്ടപരിഹാരമാണ് ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്.

സംഘർഷത്തിലേക്ക് വഴിമാറിയ മെസ്സിയുടെ കൊൽക്കത്ത സന്ദർശനമാണ് കേസിന്റെ പശ്ചാത്തലം. ഗോട്ട് ടൂർസ് പ്രമോട്ടർ സതാദ്രു ദത്തയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗാംഗുലി മധ്യസ്ഥത വഹിച്ചുവെന്നായിരുന്നു ഉത്തം സാഹയുടെ ആരോപണം. ഈ ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്നും, തന്റെ പ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തുന്നതാണെന്നും ഗാംഗുലി സാഹയ്ക്ക് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

മെസ്സിയുടെ പരിപാടിയുമായി തനിക്ക് ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലെന്നും, അതിഥിയായി മാത്രമാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നും ഗാംഗുലി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു കഴമ്പില്ലെന്നും അദ്ദേഹം പറയുന്നു.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മെസ്സിയുടെ സന്ദർശനത്തിനിടെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ആരാധകർക്ക് മെസ്സിയെയും സഹതാരങ്ങളെയും വ്യക്തമായി കാണാനാകാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. മെസ്സി വേഗത്തിൽ മടങ്ങിയതോടെ കാണികൾ അക്രമാസക്തരാവുകയും സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും എറിയുകയും സീറ്റുകൾ തകർക്കുകയും ചെയ്തു. പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സംഘാടകനായ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിയോടും ആരാധകരോടും മാപ്പ് പറഞ്ഞതോടൊപ്പം, സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.