സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിച്ചതിലും കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതിലും മുസ്ലിം ലീഗിനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി കെ.ടി. ജലീൽ രംഗത്ത്. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ പേടിച്ചാണ് മുസ്ലിം ലീഗ് ബിജെപിയുമായി ഇത്തരമൊരു പ്രത്യക്ഷ ഡീലിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് ജലീൽ തുറന്നടിച്ചു. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടാണ് ‘ലീഗിനെക്കൊണ്ടുതന്നെ ഈ പദ്ധതിയിൽ ഒപ്പുവെപ്പിക്കും’ എന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പരസ്യമായി വെല്ലുവിളിച്ചതെന്നും, കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടാൻ തങ്ങളില്ലെന്ന് ലീഗ് നേതാവ് കെ.എം. ഷാജി വ്യക്തമാക്കിയതെന്നും ജലീൽ മലപ്പുറത്ത് പറഞ്ഞു.
മുസ്ലിം ലീഗിന്റെ പല മുൻനിര നേതാക്കൾക്കും ഇതിനകം തന്നെ ഇ ഡി നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് ജലീൽ ഓർമ്മിപ്പിച്ചു. രണ്ട് തരത്തിലുള്ള ‘പച്ചക്കുപ്പായം’ മാറി മാറി അണിഞ്ഞ് നല്ലപിള്ള ചമയുന്ന രീതി ലീഗ് ഇനി അവസാനിപ്പിക്കണം. ഭരണം കിട്ടുന്നതുവരെ മാത്രം സമുദായ അവകാശങ്ങളെക്കുറിച്ചും ദീനിനെക്കുറിച്ചും പറയുകയും, ഭരണം കിട്ടിക്കഴിഞ്ഞാൽ ‘അൽഷിമേഴ്സ്’ ബാധിച്ചതുപോലെ എല്ലാം മറക്കുകയും ചെയ്യുന്നതാണ് ലീഗിന്റെ പാരമ്പര്യം. പിഎം ശ്രീ പദ്ധതി ഭരണപക്ഷമായ എൽഡിഎഫിന് നിഷിദ്ധമാണെങ്കിൽ അത് പ്രതിപക്ഷമായ യുഡിഎഫിനും നിഷിദ്ധം തന്നെയാണ്. അതിനെ സ്വന്തം താല്പര്യപ്രകാരം ‘ഹലാലാക്കാൻ’ ലീഗിന്റെ ഒരു ‘ഇച്ചാച്ചൻ’ വിചാരിച്ചാലും നടക്കാൻ പോകുന്നില്ലെന്നും കെ.ടി. ജലീൽ പരിഹസിച്ചു.
