
മലബാർ ഡേയോടനുബന്ധിച്ച് കുന്നമംഗലം പടനിലം ഓക്സിജൻ പാർക്കിൽ ആരംഭിച്ച ഫ്രൂട്ട് ട്രീ പ്ലാനറ്റേഷന്റെ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് നിർവ്വഹിക്കുന്നു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സംജിത് സി.വി., ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ, ബാബു മോൻ, വാർഡ് മെമ്പർ, ഹിതേഷ് കുമാർ ടി. കെ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീബ പുൽകുന്നുമ്മൽ, മാനേജിംഗ് ഡയറക്ടർ- ഇന്ത്യ ഓപ്പറേഷൻസ് അഷർ ഒ, എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് എ. കെ., സി.എസ്.ആർ ഹെഡ് ഷബീർ പി.കെ തുടങ്ങിയവർ സമീപം.
കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ മുപ്പത്തിനാലാമത് സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം, സുസ്ഥിര വികസനം എന്നീ ഇഎസ്ജി മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രാജ്യവ്യാപക മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള മലബാർ ഗ്രൂപ്പിന്റെ ഒൻപതിനായിരത്തിലധികം ജീവനക്കാർക്കു പുറമെ പൊതുജനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ (ഇഎസ്ജി) മേഖലയിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. സ്ഥാപകദിനത്തിനു പുറമെ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദിന്റെ 69-ാം ജന്മദിനം പ്രമാണിച്ച് കുന്നമംഗലം പഞ്ചായത്ത് പരിധിയിലുള്ള കൃഷിയിടത്തിൽ 69 ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചാണ് മലബാർ ഗ്രൂപ്പ് ആസ്ഥാനത്തെ ആഘോഷപരിപാടികൾക്ക് തുടക്കമിട്ടത്.
സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സംജിത് സി.വി., ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ, ബാബു മോൻ, വാർഡ് മെമ്പർ, ഹിതേഷ് കുമാർ ടി. കെ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീബ പുൽകുന്നുമ്മൽ, മാനേജിംഗ് ഡയറക്ടർ-ഇന്ത്യ ഓപ്പറേഷൻസ് അഷർ ഒ, എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് എ. കെ., സി.എസ്.ആർ ഹെഡ് ഷബീർ പി.കെ, മലബാർ ഗ്രൂപ്പിലെ മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടത്തിയ മെഗാ ക്ലീനിംഗ് ഡ്രൈവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. 1993 ൽ കോഴിക്കോട് കേന്ദ്രമായി ആരംഭിക്കുകയും വിശ്വാസം, ശുദ്ധത, സുതാര്യത, ന്യായമായ വിലനിർണയം, ഉപഭോക്തൃ സംതൃപ്തി, തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന മലബാർ ഗ്രൂപ്പ് നിലവിൽ ബിസിനസ് വളർച്ചയോടൊപ്പം സാമൂഹിക- പരിസ്ഥിതി തുടങ്ങിയ സുസ്ഥിര വികസനത്തിനും മുൻഗണന നൽകുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഉപഭോക്താക്കൾ നൽകിവരുന്ന വിശ്വാസമാണ് മലബാറിനെ ഒരു ചെറിയ സംരംഭത്തിൽ നിന്ന് ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്ന സ്ഥാപനമാക്കി മാറ്റിയതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. പരിസ്ഥിതിയോടുള്ള കരുതൽ, സമൂഹത്തോടുള്ള ഉത്തരവാദിത്തം, സുതാര്യവും ധാർമികവുമായ ഭരണനിർവഹണം എന്നിവയെ ബിസിനസിന്റെ ഭാഗമാക്കുന്ന ഇഎസ്ജി ആശയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കമ്പനി മുൻഗണന നൽകും.
നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനമെന്ന നിലയിൽ ലോകത്തിനു മുന്നിൽ മികച്ച മാതൃകയാവുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും, അടുത്ത വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായാണ് സ്ഥാപകദിനാഘോഷ പരിപാടികൾ നടക്കുന്നത്. നവംബർ 2ന്, മലബാർ ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പാലിയേറ്റീവ് പരിശീലനവും, മലബാർ ഗോൾഡ് ക്വസ്റ്റ് എന്ന പേരിൽ ക്വിസ് മത്സരവും സംഘടിപ്പിക്കും. കമ്പനിയുടെ സിഎസ്ആർ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയ ശിവരഞ്ജനി (അഹമ്മദാബാദ്), കടപ്പ (ആന്ധ്രാപ്രദേശ്) എന്നീ ഷോറൂമുകൾക്ക് ചെയർമാന്റെ പേരിലുള്ള സിഎസ്ആർ എക്സലൻസ് അവാർഡും വിതരണം ചെയ്യും.
സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളാണ് മലബാർ ഗ്രൂപ്പ് നടത്തിവരുന്നത്. ഇന്ത്യയിലും വിദേശത്തുമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ഹംഗർ ഫ്രീ വേൾഡ്, പട്ടിണി കാരണം സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ഭക്ഷണവും പ്രാഥമിക വിദ്യാഭ്യാസവും നൽകി അവരെ സ്കൂളിൽ തിരിച്ചെത്തിക്കുന്നതിനു വേണ്ടി തുടങ്ങിയ മൈക്രോ ലേണിങ് സെന്ററുകൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് പദ്ധതി, മുതിർന്ന അമ്മമാർക്ക് വേണ്ടിയുള്ള ഗ്രാൻഡ്മാ ഹോംസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.
