ഡൽഹി: ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രംഗത്ത്. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ് എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. വോട്ടർപട്ടിക തീവ്രപരിഷ്കരണ നടപടികളിലൂടെ കോടിക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റിയെന്നും പ്രതിപക്ഷ പാർട്ടികളെ അപ്രസക്തമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇവർ ആരോപിച്ചു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ, മമത ബാനർജി എന്നിവരെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് എസ്.ഐ.ആർ അട്ടിമറിയിലൂടെയാണെന്നും വാർത്താ സമ്മേളനത്തിൽ ആരോപണമുയർന്നു. ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാനാണ് സി.ജെ.പിയുടെ നീക്കം. അതേസമയം, സിജെപിക്ക് പിന്നാലെ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികളും തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം 26 മുതൽ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടികളാണ് ഇടതുപാർട്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ അവസ്ഥ ഗുരുതരമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. കമ്മീഷൻ ഓഫീസുകളിലേക്കും കളക്ടറേറ്റുകളിലേക്കും രണ്ട് ഘട്ടങ്ങളിലായി മാർച്ച് നടത്തുമെന്ന് കോൺഗ്രസും അറിയിച്ചിട്ടുണ്ട്.
