
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി തള്ളി. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെതിരെ ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങൾ സ്വീകരിക്കാനുള്ള അവകാശം ഹർജിക്കാർക്കുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഉത്തരവ്. ഈ സാഹചര്യത്തിൽ സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണവുമായി മുന്നോട്ടു പോകാം.
സിഎംആർഎൽ കേസിൽ ഇ.ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ തീർപ്പാകുന്നതുവരെ സ്റ്റേ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം. എന്നാൽ സിംഗിൾ ബെഞ്ച് പരിഗണിച്ച കേസിൽ കക്ഷികളല്ലാത്തവർക്ക് അപ്പീലുമായി സമീപിക്കാനാകുമോ എന്ന കാര്യത്തിലായിരുന്നു ഡിവിഷൻ ബെഞ്ചിൽ വാദം നടന്നത്. കേസിന്റെ വാദത്തിനിടയിൽ തന്നെ എഫ്ഐആർ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് സാധിക്കുമല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എഫ്ഐആർ ഇടുന്നതിനു മുൻപ് സർക്കാർ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിക്കൊണ്ടാണ് സിംഗിൾ ബെഞ്ച് കേസ് റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. അതുകൊണ്ടു തന്നെ ഹർജിക്കാരുടെ വാദത്തിന് അനുകൂലമായ നിലപാടാണ് സർക്കാരും സ്വീകരിച്ചത്.
കേസിൽ നോട്ടിസ് നൽകിയില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയതെന്നുമായിരുന്നു അപ്പീലുകളിലെ പൊതുവായ വാദം. വിഷയവുമായി യാതൊരു ബന്ധമില്ലാത്തയാളാണ് ഹർജി നൽകിയത്. അവ്യക്തമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടെന്നും സ്വന്തം ഭാഗം പറയാൻ ന്യായമായ അവസരം നൽകണമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷണത്തിനിടെ കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധപ്പെട്ട അധികൃതര്ക്ക് വിവരം നൽകിയതെന്നായിരുന്നു ഇ.ഡിയുടെ വാദം. അതിനനുസരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.
