തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ നടത്തിയ അടിയന്തര റെയ്ഡുകൾക്ക് പിന്നാലെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി. വീണ ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിനിടെ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ ഇ ഡി പിടിച്ചെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ അടക്കം മണിക്കൂറുകൾ നീണ്ട റെയ്ഡായിരുന്നു ഇ ഡി നടത്തിയത്.
ഇന്ന് തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ വീണയും അവിടെ ഉണ്ടായിരുന്നു. വീണയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത വീണയുടെ നിക്ഷേപത്തിന്റെയും ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെയും രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇ ഡിയുടെ നടപടി. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് വിവരം. കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്നാണ് സൂചന. സിഎംആര്‍എല്ലുമായുള്ള ഇടപാടില്‍ ഒരു സേവനവും നല്‍കാതെയാണ് എക്സാലോജിക് 1.72കോടി രൂപ കൈപ്പറ്റിയതെന്ന് എസ്എഫ്ഐഒ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ ഡി അന്വേഷണം ഏറ്റെടുത്ത്. അനധികൃതമായി കൈപ്പറ്റിയ പണമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം.
