Home » Blog » Kerala » മാലിന്യം ഇനി വെറും ചപ്പുകൂനയല്ല,വിലപിടിപ്പുള്ള വ്യവസായ അസംസ്‌കൃത വസ്തു മന്ത്രി പി. രാജീവ്
images (32)

മാലിന്യത്തെ വെറും ചപ്പുകൂനകളായല്ല, മറിച്ച് പുതിയ കാലത്തെ വിലപിടിപ്പുള്ള വ്യവസായ അസംസ്‌കൃത വസ്തുവായാണ് സർക്കാർ കാണുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കൊച്ചിയിൽ ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഖരമാലിന്യ അധിഷ്ഠിത കംപ്രസ്‌ഡ് ബയോഗ്യാസ് (സി ബി ജി) പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

 

ബ്രഹ്മപുരത്തെ പഴയ അവസ്ഥയിൽ നിന്ന് കേരളം ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ പഴയ കേരളമല്ല ഇന്നുള്ളതെന്നും, ഒരു പ്രതിസന്ധിയെ എങ്ങനെ അവസരമാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് ഈ പദ്ധതി. ബ്രഹ്മപുരത്തെ തീപിടുത്തം എല്ലാവരുടെയും കണ്ണ് തുറപ്പിച്ച ഒന്നായിരുന്നു. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകളുമാണ് ഇത്തരമൊരു സ്ഥിര സംവിധാനത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.

 

2040-ഓടെ കാർബൺ ന്യൂട്രൽ ആകുക എന്ന ബി.പി.സി.എല്ലിന്റെ ലക്ഷ്യവും കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന സർക്കാരിന്റെ ലക്ഷ്യവും ഒത്തുചേർന്നപ്പോൾ ഇതൊരു ‘വിൻ-വിൻ’ പ്രോജക്റ്റായി മാറി. കൊച്ചിൻ റിഫൈനറി നമ്മുടെ സ്വന്തം സ്ഥാപനമായതിനാലാണ് ഇതര പൊതുമേഖലാ സ്ഥാപനങ്ങളെക്കാൾ ബി.പി.സി.എല്ലിന് മുൻഗണന നൽകിയത്. ഈ പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ജൈവവളം കുറഞ്ഞ വിലയ്ക്ക് കർഷകരിലേക്ക് എത്തിക്കാൻ ഫാക്ടുമായി ധാരണയിലെത്തിയതായും മന്ത്രി പറഞ്ഞു.

 

വ്യവസായ മന്ത്രി എന്ന നിലയിൽ പദ്ധതിയിൽ ഒരു വലിയ വ്യവസായ സാധ്യതയാണ് കാണുന്നത്. വിദേശ രാജ്യങ്ങളിലേതുപോലെ മാലിന്യത്തെ ഊർജ്ജമാക്കി മാറ്റുന്ന റീസൈക്ലിംഗ് പ്ലാന്റുകൾ ഇനിയും വരണം. കൂടുതൽ കമ്പനികളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും ഇതുവഴി സാധിക്കും. കൊച്ചി കോർപ്പറേഷന് പുറമെ തൃക്കാക്കര ഉൾപ്പെടെയുള്ള സമീപ മുനിസിപ്പാലിറ്റികൾക്കും പ്ലാന്റ് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.