Home » Blog » kerala Max » മായാത്ത വേദനയോടെ വയനാട്; ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോൾ
wayanada-land

കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ മഹാദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേർ മരിക്കുകയും കാണാതായ 32 പേരെ പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ഈ ദുരന്തം മൂന്ന് ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവൻ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും സംഘടിപ്പിക്കും.

പുഞ്ചിരിമട്ടത്തുനിന്ന് പൊട്ടിയൊഴുകിയെത്തിയ മലവെള്ളപ്പാച്ചിലും പാറക്കെട്ടുകളും മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിലെ നൂറുകണക്കിന് ജീവനുകളും മനുഷ്യരുടെ പ്രതീക്ഷകളുമാണ് കവർന്നെടുത്തത്. ഇന്ന് നിശ്ചലമായി കിടക്കുന്ന ഈ പ്രദേശങ്ങളിൽ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്. ഒരു രാത്രികൊണ്ട് സർവ്വതും നഷ്ടപ്പെട്ട മനുഷ്യരുടെ വേദനയേറിയ ഓർമ്മകളോടെ നാട് നിൽക്കുമ്പോൾ, വിനോദസഞ്ചാരികളുടെ വരവോടെ ചൂരൽമല പതിയെ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടുവെക്കുകയാണ്.