തിരുവനന്തപുരം: വയലാർ രാമവർമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2025 ഒക്ടോബർ 27 മുതൽ 2026 ഒക്ടോബർ 27 വരെയുള്ള ഒരു വർഷക്കാലം വയലാർ വർഷം 2025-2026 50-ാ ം സ്മൃതിയും അവാർഡും എന്ന പേരിൽ പരിപാടി നടത്തിവരുകയാണ്. മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി വയലാർ രാമവർമ്മ വിട പറഞ്ഞിട്ട് 2025 ഒക്ടോബർ 27ന് 50 വർഷം പിന്നിട്ടു. പ്രിയപ്പെട്ട കവിയുടെ സ്മരണാർത്ഥം 1977ൽ ആരംഭിച്ച വയലാർ സാഹിത്യ അവാർഡ് 2026ൽ നൽകുന്നത് അൻപതിൻ്റെ നിറവിലേക്ക് ചുവടുവെയ്ക്കുകയാണ്.
വയലാറിൻ്റെ അൻപതാം സ്മൃതിയും വയലാർ സാഹിത്യ അവാർഡിന്റെ സുവർണ്ണ ജൂബിലിയും സമന്വയിപ്പിച്ച് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വയലാർ വർഷാചരണത്തിന് 2025 ഒക്ടോബർ 27ന് പന്ത്രണ്ട് വയലാർ അവാർഡ് ജേതാക്കൾ ചേർന്ന് തിരിതെളിയിച്ച് തുടക്കം കുറിച്ചു. ഇതിന്റെ്റെ ഭാഗമായി വയലാർ ട്രസ്റ്റിൻ്റെ അഭ്യർത്ഥന പ്രകാരം കേരളത്തിനകത്തും പുറത്തുമായി വയലാർ സ്മൃതിയുമായി ബന്ധപ്പെട്ട പരിപാടികൾ നിരവധി സംഘടനകളും സ്ഥാപനങ്ങളും നടത്തിവരുന്നു. വയലാർ കവിത, ഗാനാലാപനം, ഉപന്യാസം, ക്വിസ്, ചിത്രരചന തുടങ്ങിയവയാണ് ഇതിൽ പ്രധാനം. കൂടാതെ കവി സാഹിത്യ സമ്മേളനം, സമ്മേളനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കി വയലാർ ഗാനസന്ധ്യ എന്ന സംഗീത പരമ്പരയ്ക്ക് ഫെബ്രുവരി 11ന് തുടക്കം കുറിക്കുന്നു. 2026 ഒക്ടോബർ 27 വരെയുള്ള മാസങ്ങളിൽ ഓരോ മാസവും ശനിയാഴ്ച മാനവീയം വിധിയിൽ വയലാർ ഗാനസന്ധ്യ എന്ന പരിപാടി വിവിധ സംഗീത സംഘടനകൾ ഏറ്റെടുത്ത് നടത്തുന്നതാണ്. മാനവീയം വയലാർ ഗാനസന്ധ്യ പരമ്പരയുടെ ഉദ്ഘാടനം വൈകുന്നേരം 6:30ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇതോടൊപ്പം വയലാർ വർഷത്തിൻ്റെ ലോഗോ പ്രകാശനവും മന്ത്രി നടത്തും. വയലാർ വർഷം സംഘാടക സമിതിയുടെ വർക്കിംഗ് പ്രസിഡന്റ്റ് പ്രഭാവർമ്മയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവേകാനന്ദൻ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി ബി. സതീശൻ ആമുഖവും എസ്. പി. മെഡിഫോർട്ട് മാനേജിംഗ് ഡയറക്ടർ എസ്. പി. സുബ്രഹ്മണ്യം ആശംസയും ജയമോഹൻ നന്ദിയും രേഖപ്പെടുത്തും. വയലാർ ഗാനങ്ങളെ കുറിച്ചുള്ള ചെറുവിവരണം ടി. പി. ശാസ്തമംഗലം നടത്തും.
തുടർന്ന് ജി. ദേവരാജൻ ഫൗണ്ടേഷന്റെ ഏകോപനത്തിൽ പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, ജി. ശ്രീറാം, ബിജോയ് എം. നായർ, രാജലക്ഷമി, അപർണ്ണ രാജീവ്, സരിത രാജീവ്, വിനീത പി. അനന്യ ബിജേഷ് എന്നിവർ വയലാർ ഗാനസന്ധ്യ അവതരിപ്പിക്കും. വയലാറിന്റെ ഗാനങ്ങളെ സ്നേഹിക്കുന്ന എല്ലാവരെയും മാനവീയം വേദിയിലേക്ക് ക്ഷണിക്കുന്നു.
