Home » Blog » kerala Max » മഴയും മണ്ണിടിച്ചിൽ ഭീഷണിയും! ഇടുക്കിയിൽ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
idukki-680x450

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി രാത്രി ഏഴ് മ മുതൽ രാവിലെ ആറ് മണിവരെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ, കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ ജില്ലയിലെ മുഴുവൻ സാഹസിക വിനോദ കേന്ദ്രങ്ങളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.

മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ മൂന്നാറിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറിൽ നിന്നുള്ള വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച്, പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നാണ് നിലവിൽ ടൗണിലേക്ക് പോകേണ്ടത്. ഇതിനിടയിൽ അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ വീണിട്ടുണ്ടെങ്കിലും അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും നേര്യമംഗലം – വാളറ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ടുള്ളത്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *