
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതോടെ ഉടൻ തന്നെ തുലാവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 23 ദിവസത്തിനുള്ളിൽ കാലവർഷം പൂർണ്ണമായും പിൻവാങ്ങി ദക്ഷിണേന്ത്യയിൽ തുലാവർഷം ശക്തി പ്രാപിക്കും. ഇതിന് മുന്നോടിയായി ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ, അതായത് ഒക്ടോബർ 16 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം തിരുവനന്തപുരത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽ കണ്ട് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനൊപ്പം 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ മറ്റ് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. വരുന്ന ഒക്ടോബർ 14 വരെ സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ് നിലവിലുള്ളത്.
