Home » Blog » kerala Max » മലയാള സിനിമയുടെ റെക്കോർഡ് ഒക്കെ ഇനി പഴങ്കഥ; ‘ആട് 3’ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റാവുന്നു!
Screenshot_20260322_145904

ലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ഫ്രാഞ്ചൈസികളിലൊന്നായ ‘ആട്’ അതിന്റെ മൂന്നാം ഭാഗത്തിലൂടെ ബോക്‌സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ 68 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടിക്കൊണ്ടാണ് ജയസൂര്യ- മിഥുൻ മാനുവൽ തോമസ് ചിത്രം ജൈത്രയാത്ര തുടരുന്നത്. കേരളത്തിൽ നിന്ന് മാത്രം 20 കോടിയിലധികം രൂപ ഇതിനോടകം ചിത്രം സമാഹരിച്ചു കഴിഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം, മലയാള സിനിമയിലെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ആട് 3 കുതിച്ചെത്തിയിരിക്കുകയാണ്. മോഹൻലാൽ ചിത്രം ‘എമ്പുരാന്’ (175+ കോടി) തൊട്ടുപിന്നിലായി സ്ഥാനം പിടിച്ച ആട് 3, ലാലേട്ടന്റെ തന്നെ ‘തുടരും’, കല്യാണി പ്രിയദർശന്റെ ‘ലോക’ എന്നീ ചിത്രങ്ങളെ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളി. കേരളത്തിന് പുറത്ത് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മാർക്കറ്റുകളിൽ നിന്നും റെക്കോർഡ് കളക്ഷനാണ് ലഭിക്കുന്നത്. ഗൾഫിൽ നിന്ന് മാത്രം ആദ്യ രണ്ട് ദിനം കൊണ്ട് 20 കോടി ഗ്രോസ് ചിത്രം മറികടന്നു.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞ ആട് 3, അഞ്ച് ദിവസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തെ വരവേറ്റത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം മാർച്ച് 19-നാണ് തിയേറ്ററുകളിലെത്തിയത്. ഷാജി പാപ്പനും സംഘവും ഇത്തവണ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.