Home » Blog » Business » മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് ‘മഹാരാഷ്ട്രിയൻ ഓഫ് ദ ഇയർ 2026’ ബിസിനസ് ഭൂഷൺ അവാർഡ് ഏറ്റുവാങ്ങി
23
തിരുവനന്തപുരം: മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദിന് ‘ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദ ഇയർ അവാർഡ്‌സ് 2026’ലെ ബിസിനസ് ഭൂഷൺ അവാർഡ് സമ്മാനിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചേർന്നാണ് പുരസ്‌കാര സമർപ്പണം നടത്തിയത്. ഇന്ത്യൻ റീട്ടെയിൽ ജ്വല്ലറി മേഖലയെ ആഗോള തലത്തിൽ വലിയ വളർച്ചയിലേക്ക് നയിച്ചതിനും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചതിനുമാണ് എം പി അഹമ്മദിനെ അവാർഡിനായി തെരഞ്ഞെടുത്തത്.
അവാർഡ് ദാന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ആമിർ ഖാൻ, വിക്കി കൗശൽ, പിന്നണി ഗായകൻ ഷാൻ മുഖർജി, ലോക്മത് ചെയർമാൻ വിജയ് ദർദ, ലോക്മത് മീഡിയ ഗ്രൂപ്പ് ചീഫ് എഡിറ്റർ രാജേന്ദ്ര ദർദ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസായങ്ങളെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിലും നേതൃത്വം നൽകുന്ന വ്യക്തികൾക്കാണ് ലോക്മത് മീഡിയ ഗ്രൂപ്പ് അവാർഡുകൾ നൽകുന്നത്. റെസ്‌പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്‌സ് കെട്ടിപ്പടുക്കുന്നതിലും അതിനെ ആഗോള തലത്തിൽ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നാക്കി മാറ്റുന്നതിലും എം പി അഹമ്മദ് വഹിച്ച പങ്കിനെ ആദരിച്ചുകൊണ്ടാണ് അവാർഡ് നൽകിയത്.
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ -കുമാർ മംഗളം ബിർള, ടാറ്റ ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി, റിലയൻസ് റീടെയിൽ വെഞ്ചേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി, ബജാജ് ഫിൻസേർവ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് ബജാജ്, ഭാരത് ഫോർജ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബാബാസാഹേബ് കല്യാണി, തുടങ്ങിയ പ്രമുഖരാണ് ഇതിനുമുൻപ് ഈ അവാർഡിന് അർഹരായവർ.
ലോകമത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ അവാർഡുകളിലെ ബിസിനസ് ഭൂഷൺ അവാർഡ് ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് എം പി അഹമ്മദ് പറഞ്ഞു. ഈ അംഗീകാരം മലബാർ കുടുംബത്തിന്റെ കൂട്ടായ സമർപ്പണത്തെയും വർഷങ്ങളായി ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. ഉത്തരവാദിത്തം, സമഗ്ര വളർച്ച, സമൂഹത്തിൽ ശാശ്വത മൂല്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയാണ് ഞങ്ങളുടെ അടിത്തറ. ഞങ്ങളുടെ എല്ലാ പങ്കാളികളുടെയും കൂട്ടായ വളർച്ച എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. അതേസമയം ഞങ്ങൾ എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യുന്നു’ എം പി അഹമ്മദ് പറഞ്ഞു.
ബിസിനസ് വളർച്ചക്കൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലും മലബാർ ഗ്രൂപ്പ് എന്നും മുന്നിൽ നിൽക്കുന്നു.ഗ്രൂപ്പിന്റെ നെറ്റ് പ്രോഫിറ്റ് ലാഭത്തിന്റെ 5% അതാത് ഷോറൂമുകളുടെ പ്രവർത്തനപരിധിയിലെ വിവിധ CSR പ്രവർത്തങ്ങൾക്കായി ചിലവഴിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് മലബാർ ഗ്രൂപ്പ് പ്രധാനമായും സി എസ് ആർ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.