മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത സവിശേഷതകൾ സിപിഎമ്മിനുണ്ട്: പി ജയരാജന്‍

തിരുവനന്തപുരം: വിമര്‍ശനവും സ്വയംവിമര്‍ശനവും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരായ വിമര്‍ശനങ്ങളിലുള്ള വിശദീകരണമായാണ് ഫേസ്ബുക്ക് കുറിപ്പ്.

 

മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത സവിശേഷത സിപിഎമ്മിനുണ്ടെന്നും പാര്‍ട്ടി കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്ത കണ്ടുവെന്നും പി ജയരാജന്‍ കുറിച്ചു. പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും തകര്‍ക്കുക എന്ന ലക്ഷ്യമാണ് വാര്‍ത്തക്ക് പിന്നിലെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നല്‍കുന്നതെന്നും പി ജയരാജന്‍ കുറിച്ചു. ആ വിശ്വാസത്തെ ഇടിച്ചു തകര്‍ക്കുകയാണ് ലക്ഷ്യമെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

 

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

 

ജൂണ്‍ 26,27 തീയതികളില്‍ ചേര്‍ന്ന സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചര്‍ച്ച എന്ന രൂപത്തില്‍ ചില മാധ്യമങ്ങളില്‍ എന്റെ പേരുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത കാണുകയുണ്ടായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമര്‍ശിച്ചു എന്നാണ് ഈ വാര്‍ത്തകളില്‍ പറയുന്നത്.

 

വിമര്‍ശനവും സ്വയംവിമര്‍ശനവും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്. പക്ഷേ ഇത്തരം വാര്‍ത്തകള്‍, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോണ്‍ഗ്രസിനെയും ആര്‍.എസ്.എസ്-ബി.ജെ.പിയെയും നിശിതമായി എതിര്‍ത്തുകൊണ്ട് യഥാര്‍ത്ഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ(എം) നെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്.

 

സി.പി.ഐ(എം)നും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നല്‍കികൊണ്ടും സമൂഹത്തിലെ വിവിധമേഖലകളില്‍ ഉയര്‍ന്നുവരുന്ന ജീര്‍ണ്ണതകള്‍ക്കെതിരായും മുഖ്യമന്ത്രി സ:പിണറായിയും പാര്‍ട്ടി സെക്രട്ടറി സ:എം.വി. ഗോവിന്ദന്‍ മാസ്റ്ററും നല്‍കുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളത്. അതിനാലാണ് പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാര്‍ത്താ നിര്‍മ്മിതികള്‍ക്കെതിരായി നിയമനടപടി കൈക്കൊള്ളാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ ഐകകണ്‌ഠേന തീരുമാനിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *