തിരുവനന്തപുരം: മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്നതിനെച്ചൊല്ലിയുള്ള എ ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തിക്കിടെ പ്രതികരണവുമായി നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സ്ഥാനമില്ലാത്തതാണ് കൂടുതൽ നല്ലതെന്നും ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ അതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് സമാന സാഹചര്യം ഉമ്മൻചാണ്ടിയും നേരിട്ടിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ചരിത്രം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ ഗ്രൂപ്പ് നേതാക്കൾക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി സ്ഥാനമില്ലാത്തത് തനിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. “സ്ഥാനം ഇല്ലാത്തതാണ് കൂടുതൽ നല്ലത്. കാരണം ജനങ്ങൾക്ക് വേണ്ടി കൂടുതലായി പ്രവർത്തിക്കാൻ കഴിയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 140 മണ്ഡലങ്ങളിലും താൻ നടക്കാൻ പോവുകയാണ്. മന്ത്രിയായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ചുരുങ്ങിപ്പോയേനെ. ജനങ്ങൾക്കിടയിൽ സ്ഥാനമുണ്ട്. അത് ഉറപ്പിക്കാനായി ജനങ്ങൾക്കിടയിലേക്ക് വീണ്ടും ഇറങ്ങുകയാണ്. അഞ്ചുവർഷവും പ്രവർത്തനം അങ്ങനെ ആയിരിക്കും.” – അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ എഐസിസിയെ സമീപിക്കുമെന്ന വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു. അത് അവരുടെ സ്വാതന്ത്ര്യമാണെന്നും അതിൽ പ്രത്യേകിച്ച് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയെ തന്നിൽ കാണുന്നതിനാലാണ് എ ഗ്രൂപ്പിന് ഇത്തരമൊരു വിഷമമുണ്ടാകുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
കേരളത്തിന് കോൺഗ്രസ് മുഖ്യമന്ത്രിയെ ലഭിച്ചതോടെ തന്നെ ഉമ്മൻചാണ്ടിക്ക് നീതി ലഭിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഉമ്മൻചാണ്ടിയുടെ മകന് മന്ത്രിസ്ഥാനം വേണമെന്നോ പുതുപ്പള്ളിയിൽനിന്ന് മന്ത്രി വേണമെന്നോ ഇല്ലെന്നും കോൺഗ്രസ് അധികാരത്തിലെത്തിയതുതന്നെയാണ് ഏറ്റവും വലിയ നീതിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്ത് ഫ്‌ളെക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. എംഎൽഎ ഹോസ്റ്റലിന് സമീപമാണ് ഫ്‌ളെക്‌സുകൾ സ്ഥാപിച്ചിരിക്കുന്നത്. “കോൺഗ്രസ് തിരുവനന്തപുരം” എന്ന പേരിലാണ് ബോർഡുകൾ വന്നിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കെയാണ് ഫ്‌ളെക്‌സുകൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
