Home » Blog » kerala Max » മന്ത്രിസഭാ ചർച്ചകൾ ക്ലൈമാക്സിലേക്ക്; ഘടകകക്ഷികളുമായി കന്റോൺമെന്റ് ഹൗസിൽ കൂടിക്കാഴ്ച, അന്തിമ പ്രഖ്യാപനം ഇന്ന്
vd-satheeshan

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെയും അവർക്കുള്ള വകുപ്പുകളെയും ഇന്നറിയാം. തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ നിയുക്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഘടകകക്ഷികളുമായുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു. തർക്കങ്ങൾ നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

പുതിയ ഫോർമുല അനുസരിച്ച് കോൺഗ്രസിന് 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് ലഭിക്കുക. എല്ലാ ഘടകകക്ഷികളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ഇതിന് വഴങ്ങാൻ സാധ്യതയില്ല.
ഒരു മന്ത്രിസ്ഥാനം മാത്രം നൽകി അതൃപ്തി പരിഹരിക്കാൻ ചീഫ് വിപ്പ് പദവി കൂടി ജോസഫ് ഗ്രൂപ്പിന് നൽകുന്ന കാര്യം ആലോചിച്ചിരുന്നു. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന പശ്ചാത്തലത്തിൽ, ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം രൂപീകരിച്ച് അനാവശ്യ ചെലവുകൾ വരുത്തിവെക്കണോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ പുനരാലോചന നടക്കുന്നുണ്ട്.

മന്ത്രിസ്ഥാനങ്ങൾക്കൊപ്പം പ്രധാന വകുപ്പുകൾ സ്വന്തമാക്കാനും ഘടകകക്ഷികൾക്കിടയിൽ സമ്മർദ്ദം ശക്തമാണ്. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കൂ എങ്കിൽ തങ്ങൾക്ക് റവന്യൂ വകുപ്പ് തന്നെ വേണമെന്നാണ് ഇവരുടെ ആവശ്യം. സി.എം.പി പുതിയ മന്ത്രിസഭയിൽ തുറമുഖം വകുപ്പാണ് സി.എം.പി ആവശ്യപ്പെടുന്നത്. ആർ.എസ്.പി പ്രത്യേക വകുപ്പുകളൊന്നും എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുന്നണിയുടെ കരുത്തിനനുസരിച്ചുള്ള പ്രധാനപ്പെട്ട ഒരു വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് ആർ.എസ്.പി നേതൃത്വം.
ഘടകകക്ഷികൾ ആവശ്യപ്പെടുന്ന ഈ പ്രധാന വകുപ്പുകൾ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്. കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചർച്ചകൾ പൂർത്തിയാകുന്നതോടെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമമായ ചിത്രം തെളിയും.