Home » Blog » Kerala » മന്ത്രി കെ.എം. ഷാജിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം
25

കാസര്‍കോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. വാട്‌സാപ് സന്ദേശത്തില്‍ കെ.എം. ഷാജിയെ ‘വര്‍ഗീയവാദി’ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഷാജിക്ക് ആവില്ലെന്നാണ് സന്ദേശത്തിൽ പറയുന്നത്. കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് (POLICE FRIENDS) എന്ന ഗ്രൂപ്പിലാണ് സന്ദേശമയച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

“സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ.” – എന്നാണ് വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശം. സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിെര നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.