Home » Blog » Kerala » മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് കാവല്‍ക്കണ്ണായി പുലിപ്പറമ്പ് വാച്ച് ടവര്‍ വാച്ച് ടവര്‍ ഫെബ്രുവരി 22ന് മന്ത്രി എ.കെ ശശിന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
images - 2026-02-20T173311.146

കാസര്‍കോട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഇടപെടലുകളില്‍ നിര്‍ണായക ഘട്ടമായി പുലിപ്പറമ്പ് വാച്ച് ടവര്‍ യാധാര്‍ഥ്യമാകുന്നു. ഫെബ്രുവരി 22ന് മന്ത്രി എ.കെ ശശിന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും വനപാലകര്‍ക്ക് സ്ഥിര നിരീക്ഷണ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകള്‍ കാട്ടാന ശല്യം മൂലം ബുദ്ധിമുട്ട് നേരിട്ടുവരികയായിരുന്നു. കേരളകര്‍ണ്ണാടക അതിര്‍ത്തി വനമേഖലയില്‍ നിന്ന് കടന്നെത്തുന്ന വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാട്ടാന സാന്നിധ്യം മൂലം ഭീതിയിലായ സാഹചര്യത്തില്‍ അപകട മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ‘കാറഡുക്ക ആന പ്രതിരോധ പദ്ധതി’ പ്രകാരം ദേലംപാടി പഞ്ചായത്തില്‍ 21 കിലോമീറ്റര്‍ ദൂരത്തില്‍ അത്യാധുനിക സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിച്ചത്.

 

ജില്ലാതല ആസൂത്രണ സമിതിയുടെ ശുപാര്‍ശയും സംസ്ഥാനതല അംഗീകാരവും ലഭിച്ച് നവീന പദ്ധതിയായി പ്രത്യേക സാമ്പത്തിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. പദ്ധതി സംസ്ഥാനതലത്തില്‍ മാതൃകയായി പരിഗണിക്കപ്പെട്ടു. ബന്തടുക്ക സെക്ഷനില്‍ തലപ്പച്ചേരി മുതല്‍ അഞ്ചിനടുക്ക വരെ 16.3 കിലോമീറ്റര്‍ സൗരോര്‍ജ്ജ തൂക്കുവേലി 196 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. പ്രതിരോധ സംവിധാനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ നിരന്തര മേല്‍നോട്ടം അനിവാര്യമായതോടെയാണ് സ്ഥിര നിരീക്ഷണ കേന്ദ്രമായി പുലിപ്പറമ്പില്‍ വാച്ച് ടവര്‍ സ്ഥാപിച്ചത്. ആനകളുടെ പ്രധാന സഞ്ചാരപാതയിലായതിനാല്‍ ഇവിടെ നിന്നുള്ള നിരീക്ഷണം അതിര്‍ത്തി കടന്നെത്തുന്ന വന്യജീവികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായകരമാണ്. ജനവാസ മേഖലയിലേക്ക് പ്രവേശനം തടയുന്നതിനും കാട്ടുതീ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ സമയബന്ധിതമായി കണ്ടെത്തുന്നതിനും ടവര്‍ ഉപകരിക്കും.

 

കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (KPHCC) ആണ് വാച്ച് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 23 ലക്ഷം രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളോടെ ടവര്‍ സജ്ജമാക്കിയിരിക്കുന്നത്. പട്രോളിംഗിന്റെ ഭാഗമായി ദീര്‍ഘനേരം വനമേഖലയില്‍ കഴിയേണ്ടി വരുന്ന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ആവശ്യമായ വിശ്രമ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയും പ്രായോഗിക പ്രതിരോധ മാര്‍ഗ്ഗങ്ങളും സംയോജിപ്പിച്ചുള്ള ഇത്തരം പദ്ധതികള്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദവും ജനകീയവുമാക്കുന്നു. കര്‍ഷകരുടെ സുരക്ഷയും വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും ഒരുപോലെ സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും പ്രതിബദ്ധതയുടെ പ്രതീകമാണ് പുലിപ്പറമ്പ് വാച്ച് ടവര്‍.