കോഴിക്കോട് കോര്പറേഷന് 47ാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന മധുര ബസാര്‍-ചെറൂക്കപ്പറമ്പ് അങ്കണവാടി റോഡ് നവീകരണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2.93 കോടി രൂപ ചെലവിട്ടുള്ള പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതിനാല്‍ നടപടികള്‍ വേഗത്തിലാക്കി നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
ചെറുവണ്ണൂര്‍ മധുര ബസാര്‍ ബി.സി റോഡില്‍നിന്ന് ഫറോക്ക് പഴയ പാലം റെയില്‍വേ ട്രാക്ക് വരെ നീളുന്ന റോഡിന്റെ 1,350 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നവീകരണം. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന റോഡ് വെറ്റ് മിക്സ് മക്കാഡോം ചെയ്ത് അടിത്തറ ബലപ്പെടുത്തി അഞ്ചു മീറ്റര്‍ വീതിയില്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാണ് ഒരുക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആവശ്യമായ ഇടങ്ങളില്‍ അഴുക്കുചാലുകള്‍, റോഡിന്റെ വശങ്ങളില് ഷോള്‍ഡര്‍ കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് ടൈല്‍സ് വിരിക്കല്‍ എന്നിവയും നടത്തും.
