മത്സ്യത്തൊഴിലാളി സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ സമഗ്രമായ വികസനം മുന്നില്‍കണ്ടുകൊണ്ട് വിപ്ലവകരമായ പദ്ധതികളാണ് ഈ മേഖലയിൽ നടപ്പിലാക്കിവരുന്നതെന്ന് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് സജി ചെറിയാന്. വേളി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കണ്വെന്ഷന് സെന്ററില്‍ നടത്തിയ മത്സ്യത്തൊഴിലാളി സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ല്‍ ഏറ്റവും നല്ല മറൈന്‍ സ്റ്റേറ്റായി കേരളത്തെയും മികച്ച മറൈന്‍ ജില്ലയായി കൊല്ലത്തേയും തെരഞ്ഞെടുത്തു. ഇത് സര്‍ക്കാരിന്റെ കാലത്തെ അഭിമാന നേട്ടമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ഗുണമേന്മയുള്ള സേവനങ്ങളാണ് ദേശീയ തലത്തില്‍ ഈ നേട്ടത്തിലേക്ക് നയിച്ചത്. 2021ല്‍ 3.61 ലക്ഷം മെട്രിക് ടണ്‍ മത്സ്യഉത്പാദനം ഉണ്ടായിരുന്നത് 2022 ആയപ്പോള്‍ 6.87 ലക്ഷം മെട്രിക് ടണ്‍ ആക്കാന്‍ സാധിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപദ്ധതി നടപ്പാക്കിയത് ഏറ്റവും വലിയ നേട്ടമാണ്. 5626 ഫ്ളാറ്റുകള്‍ പുനര്‍ഗേഹം പദ്ധതി വഴി നല്കി. കേരളത്തില്‍ ഒരു മത്സ്യത്തൊഴിലാളി പോലും അനാഥരായിട്ടില്ല, എല്ലാവരേയും സനാഥരാക്കി മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 25,436 വീടുകള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൊടുക്കാൻ സാധിച്ചു.
2004 മുതല്‍ ഇന്‍ഷുറന്‍സ് തുക കിട്ടാത്ത 51 കേസുകള്‍ ഉണ്ടായിരുന്നു. രണ്ട് അദാലത്ത് നടത്തി അപേക്ഷകള്‍ തീര്‍പ്പാക്കി. മൂന്ന് മാസത്തിനുള്ളില്‍ തന്നെ മത്സ്യത്തൊഴിലാളികൾക്ക് അപകട ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 30 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കാനാണ് സര്ക്കാന് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യം നല്കുന്നു. രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളി മക്കള്‍ക്ക് വിദേശത്ത് പോയി പഠിക്കാന്‍ സൗകര്യം നല്‍കിയത് നമ്മുടെ സര്‍ക്കാരാണ്. തീരദേശ സ്കൂളുകളുടെ മുഖം മാറി. 53 കോടി രൂപ മുടക്കി 10 തീരദേശ സ്കൂളുകള്‍ നവീകരിക്കുകയാണ്. വിദ്യാതീരം പദ്ധതിയിലൂടെ 236.13 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉപരിപഠനത്തിന് നല്കി.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട 45 കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്കി. 27 ഹാര്‍ബറുകള്‍ നവീകരിച്ചു. 177 കോടി രൂപ ചെലവില്‍ മുതലപ്പൊഴി ഹാര്‍ബര്‍ നവീകരണം ആരംഭിച്ചു. തീരദേശ റോഡുകള്‍ക്കായി 1142 കോടി രൂപ ചെലവഴിച്ചു. 2061 തീരദേശ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
142 കോടി രൂപ ചെലവില്‍ 57 മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം പൂര്‍ത്തിയാക്കി. ആലുവയിലും കോഴിക്കോടും 100 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര മത്സ്യമാര്‍ക്കറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി സമുദ്ര ബസ് സര്‍വ്വീസ് ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എട്ട് ഇന്‍സുലേറ്റഡ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫും മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് തുക വിതരണവും മന്ത്രി നിര്‍വഹിച്ചു. മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മത്സ്യമേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുന്നതിനും മത്സ്യഫെഡും 42 വര്‍ഷങ്ങളും എന്ന പേരിലാണ് സഹകാരികളുടേയും മത്സ്യത്തൊഴിലാളികളുടേയും സംഗമം സംഘടിപ്പിച്ചത്.
സമ്മേളനത്തില്‍ പി.പി ചിത്തരഞ്ജന് എം.എല്‍.എ, മത്സ്യഫെഡ് ചെയര്മാന് റ്റി.മനോഹരന്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ പി.സഹദേവന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
