
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ശബരിമല മണ്ഡലകാലത്തിന് നട തുറക്കാൻ അഞ്ചുദിവസം മാത്രം ശേഷിക്കെ അരവണ നിർമാണത്തിനാവശ്യമായ അരി ഇനിയും എത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വാങ്ങാൻ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി ഭക്തരാണ് എത്തുന്നത്. പലരും വലിയ അളവിൽ അരവണ വാങ്ങിക്കൊണ്ടുപോകാറുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യത്തിന് അരവണ സ്റ്റോക്ക് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നിലവിൽ 27 ചാക്ക് ഉണക്കലരി മാത്രമാണ് ശബരിമലയിലുള്ളത്. ഇതുപയോഗിച്ച് 27,000 ടിൻ അരവണ നിർമിക്കാനാകും. മണ്ഡലകാലത്ത് ആവശ്യമായി വരുന്ന ഒൻപത് ലക്ഷം ടിന്നുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സ്റ്റോക്ക് വളരെ കുറവാണ്.
നിലവിലുള്ള അരി ഉപയോഗിച്ച് 27,000 ടിൻ അരവണ മാത്രമേ നിർമിക്കാനാകൂ. എന്നാൽ ഇത്തവണ ഒൻപത് ലക്ഷം ടിൻ അരവണ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ആവശ്യത്തിന് അരി എത്താത്തത് അരവണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ മാസവും ശബരിമലയിൽ അരവണ ലഭ്യതയിൽ പ്രതിസന്ധി നേരിട്ടിരുന്നു. അരവണ പ്ലാന്റിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അന്ന് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. പ്ലാന്റിന്റെ നിർമാണം ഈ മാസം 15-ഓടെ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നാണ് നിലവിലെ വിവരം.
