Home » Blog » Kerala » ഭാഷ ഏതുമാകട്ടെ ഇനി കാര്യങ്ങൾ സിംപിൾ; 70-ൽ അധികം ഭാഷകളിൽ തത്സമയ സംഭാഷണ തർജ്ജമയുമായി ഗൂഗിൾ ട്രാൻസ്ലേറ്റ്
google-search-680x450

ഗൂഗിൾ ട്രാൻസ്ലേറ്റ് സേവനം തത്സമയം സംഭാഷണങ്ങൾ തർജ്ജമചെയ്യുന്ന ‘ലൈവ് സ്പീച്ച് ട്രാൻസ്ലേഷൻ’ ഫീച്ചറിൽ പുതിയ അപ്ഡേറ്റ് കൊണ്ടുവന്നു. നേരത്തെ ഗൂഗിൾ പിക്സൽ ബഡ്‌സിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ, ഇപ്പോൾ 70-ൽ അധികം ഭാഷകളിൽ ഏത് ഹെഡ്‌ഫോണിലും ഉപയോഗിക്കാൻ സാധിക്കും. ഈ ഫീച്ചറിൻ്റെ ബീറ്റാ പതിപ്പ് പുറത്തിറക്കിക്കഴിഞ്ഞു, അനുയോജ്യമായ ആൻഡ്രോയിഡ് ഫോണുകളിലെ ട്രാൻസ്ലേറ്റ് ആപ്പിലാണ് ഇത് ലഭ്യമാവുക. ആപ്പിൾ എയർപോഡുകളിൽ ഇതിന് സമാനമായ ഫീച്ചർ നിലവിൽ ലഭ്യമാണ്.

ഗൂഗിൾ ട്രാൻസ്ലേറ്റിൽ അടുത്തിടെ അവതരിപ്പിച്ച പ്രധാന ഫീച്ചറുകൾക്കൊപ്പം ടെക്സ്റ്റ് ട്രാൻസ്ലേഷനും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ജെമിനിയുടെ സഹായത്തോടെ, പ്രാദേശിക ഭാഷാ പ്രയോഗങ്ങളിലെ വ്യംഗ്യാർത്ഥങ്ങളും ശൈലികളും എളുപ്പത്തിൽ മനസ്സിലാക്കി കൂടുതൽ കൃത്യതയോടെ തർജ്ജമ ചെയ്യാൻ ഇനി ട്രാൻസ്ലേറ്ററിന് കഴിയും. കൂടാതെ, ഭാഷാ പരിശീലനത്തിനായി ട്രാൻസ്ലേറ്ററിലുള്ള ‘പ്രാക്ടീസ് ഫീച്ചർ’ 20 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഡുവോലിംഗോ ആപ്പിന് സമാനമായ രീതിയിൽ, കൂടുതൽ ഭാഷകളിൽ എ.ഐ. അധിഷ്ഠിത ഭാഷാ പരിശീലനം ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ പുതിയ ഫീച്ചറുകൾ ആദ്യം അവതരിപ്പിച്ചത് അമേരിക്കൻ, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലാണ്. മെച്ചപ്പെടുത്തിയ ട്രാൻസ്ലേഷൻ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ്., വെബ് വേർഷനുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, എ.ഐ. അധിഷ്ഠിത ഭാഷാ പരിശീലനത്തിനുള്ള ‘പ്രാക്ടീസ്’ ഫീച്ചർ അടുത്ത വർഷത്തോടെ ഐ.ഒ.എസ്. ട്രാൻസ്ലേറ്റ് ആപ്പിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫീച്ചർ ഇപ്പോഴും ബീറ്റാ മോഡിൽ തുടരുന്നതിനാൽ എല്ലാവർക്കും ഉടൻ ലഭ്യമായെന്ന് വരില്ല.