Home » Blog » kerala Max » ബ്രിക്സ് പ്രതിനിധിയുടെ ബാഗിൽ മൂന്ന് ലക്ഷം രൂപയും പ്രധാന രേഖകളും; വിമാനം പുറപ്പെടാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ ടാക്‌സിയിൽ നിന്ന് കണ്ടെത്തി ഡൽഹി പൊലീസ്
bricscf-680x450

ന്യൂഡൽഹി; ഇന്ത്യയിൽനിന്ന് മടങ്ങാനിരിക്കെ മൂന്ന് ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ബ്രിക്സ് പ്രതിനിധിക്ക് ആശ്വാസമായി ഡൽഹി പൊലീസിന്റെ ഇടപെടൽ. ദക്ഷിണാഫ്രിക്കൻ പ്രതിനിധി ഡുമിസ മോറിസ് സൊബേക്വെയുടെ ഡോളറും ഇന്ത്യൻ രൂപയും അടങ്ങിയ ബാഗാണ് നൊടിയിടയിൽ പൊലീസ് കണ്ടെത്തി തിരികെ നൽകിയത്. ഞായറാഴ്ച ഗുഡ്ഗാവിലെ ഒരു മാൾ സന്ദർശിച്ച ശേഷം ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി സൊബേക്വെ തിരിച്ചറിഞ്ഞത്.

വിവരം ഹോട്ടൽ അധികൃതരെ അറിയിച്ചതിന് പിന്നാലെ അവർ പൊലീസിനെ ബന്ധപ്പെട്ടു. വൈകിട്ട് 7.10നാണ് പൊലീസിന് സന്ദേശം ലഭിച്ചത്. അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് സംഘം ഹോട്ടലിലെത്തി യാത്രാവിവരങ്ങൾ ശേഖരിച്ച് സൊബേക്വെ സഞ്ചരിച്ച ടാക്സി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. വാഹനം തിരിച്ചറിഞ്ഞ പൊലീസ് രാത്രി 7.45ഓടെ ഡ്രൈവറെ കണ്ടെത്തി. തുടർന്ന് ടാക്സിയുടെ സീറ്റിനടിയിൽനിന്ന് ബാഗ് കണ്ടെടുത്തു.

ബാഗിലുണ്ടായിരുന്ന പണം തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയ ശേഷം രാത്രി 8.15ഓടെ സൊബേക്വെയ്ക്ക് കൈമാറി. വിമാനം പുറപ്പെടുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പാണ് ബാഗ് തിരികെ ലഭിച്ചത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് ഡ്രൈവർ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പിന്നീട് അന്വേഷണ സംഘത്തോട് സഹകരിച്ചു.

വേഗത്തിലുള്ള ഇടപെടലാണ് ബാഗ് സമയത്തിനുള്ളിൽ കണ്ടെത്താൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടൽ ജീവനക്കാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, പൊലീസ് സംഘം എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് നഷ്ടപ്പെട്ട ബാഗ് കണ്ടെത്താനായത്. ബ്രിക്സ് പ്രതിനിധി രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് തന്നെ പണവും മറ്റ് സാധനങ്ങളും അടങ്ങിയ ബാഗ് തിരികെ നൽകാൻ കഴിഞ്ഞതും നടപടിയുടെ പ്രത്യേകതയായി.

Leave a Reply

Your email address will not be published. Required fields are marked *