05c20ce2f9193f7d3efe57f7978fb059a3fafa8235012611de09978ec65c359a.0

തെന്നിന്ത്യൻ സിനിമയിൽ ദൃശ്യവിസ്മയം തീർത്ത ഋഷഭ് ഷെട്ടിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കാന്താര’യുടെ തിയേറ്ററുകളിലെ ജൈത്രയാത്ര അവസാനിക്കുന്നു. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം ആഗോളതലത്തിൽ 813 കോടി രൂപയോളം നേടി റെക്കോർഡ് ഇട്ടിരുന്നു. ആയിരം കോടി കളക്ഷനിലേക്ക് അടുക്കവെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ‘കാന്താര’യുടെ പ്രീക്വൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’ ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്.

ഒടിടി റിലീസ് ആമസോൺ പ്രൈമിൽ

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒക്ടോബർ 31 മുതൽ ‘കാന്താര’ ഒടിടിയിൽ ലഭ്യമാകും. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ‘കാന്താര’യുടെ ആദ്യ ഭാഗത്തിലെ (2022) പ്രകടനത്തിന് ഋഷഭ് ഷെട്ടിക്ക് 2024-ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടി. ദീപാവലി സമയത്ത് കാന്താര ഏകദേശം 11 കോടിയോളം രൂപ നേടിയെന്നാണ് ഏകദേശ കണക്കുകൾ. കേരളത്തിൽ നിന്ന് 55 കോടി ചിത്രം നേടിയതായി വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി. ഹിന്ദി പതിപ്പ് 204 കോടി നേടിയത് ബോളിവുഡ് സൂപ്പർ താരങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു.

കന്നഡ സിനിമാ വ്യവസായത്തിലെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ‘കാന്താര’യുടെ ആദ്യഭാഗം ബിഗ് സ്ക്രീനുകളിൽ എത്തിയത്. എന്നാൽ റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചു. ഈ ജനപ്രീതി പരിഗണിച്ച്, ‘കാന്താര’യുടെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കി. ഈ എല്ലാ പതിപ്പുകളും ബോക്സ്ഓഫീസിൽ മികച്ച കളക്ഷൻ നേടുകയും ചിത്രം ഒരു വലിയ വിജയമായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *