തമിഴ് താരം കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി എത്തിയ ‘യൂത്ത്’ ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്യുന്നു. മാർച്ച് 19-ന് വമ്പൻ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം ഇതിനോടകം ആഗോളതലത്തിൽ 50 കോടി രൂപയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രം, കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ചാണ് മുന്നേറുന്നത്.
മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ചിത്രത്തിന് കേരളത്തിൽ വലിയ സ്വീകാര്യത നൽകി. നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ തിളങ്ങുന്നത്. ഇരുവരും തമ്മിലുള്ള കോംബോയും സ്ക്രീൻ പ്രസൻസും ഏറെ രസകരമാണ്. സ്കൂൾ-കോളേജ് കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങളും ഹാസ്യത്തിന്റെ അകമ്പടിയോടെ പറയുന്ന ഈ ഫീൽ ഗുഡ് ചിത്രം ഒരു പക്കാ തിയേറ്റർ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. കൂടാതെ ദേവദർശിനി, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രം ഒരു മാസത്തിന് ശേഷം ഒടിടി ലോകത്തേക്ക് ചുവടുവെക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 16 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റുകളാണ്. പാർവത എന്റർടൈൻമെന്റിന്റെ ബാനറിൽ കറുപ്പയ്യ സി. റാം, സുലോചന കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ചെറിയ ചിത്രങ്ങൾക്കും വലിയ വിജയം നേടാൻ കഴിയുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
