ഇസാഫ്- ഇർമ റൗണ്ട് ടേബിൾ സെമിനാർ തൃശൂരിൽ ത്രിഭുവൻ സഹ്കാരി സർവകലാശാല വൈസ് ചാൻസലർ ഡോ. എസ് പി സിംഗ്, ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സഹസ്ഥാപക മെറീന പോൾ എന്നിവർ ഉദ്‌ഘാടനം ചെയ്യുന്നു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് സമീപം.
തൃശൂർ: ‘രാജ്യത്തെ ലക്ഷ്യാധിഷ്ഠിത സംരംഭങ്ങളുടെ ഭാവിയും ബിസിനസ് മൂല്യങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഇസാഫ് ബാങ്കും ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദും (ഇർമ) സെമിനാർ സംഘടിപ്പിച്ചു. തൃശൂരിൽ സംഘടിപ്പിച്ച സെമിനാർ ത്രിഭുവൻ സഹ്കാരി സർവകലാശാല വൈസ് ചാൻസലർ ഡോ. എസ് പി സിംഗ് ഉദ്‌ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നയരൂപീകരണ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ, വ്യവസായ നേതാക്കൾ എന്നിവർ പങ്കെടുത്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സഹസ്ഥാപക മെറീന പോൾ, ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബോസ്കോ ജോസഫ് എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു.
ഇർമ സർവകലാശാലയിലെ ബിസിനസ് ഓൺ വാല്യൂസ് ചെയറാണ് സെമിനാറിന് നേതൃത്വം നൽകിയത്. സമ്പദ്‌വ്യവസ്ഥയുടെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സുസ്ഥിരവും ഭാവനാപൂർണവുമായ സംരംഭങ്ങൾ തുടങ്ങുന്നതിന് ആളുകളെ ശാക്തീകരിക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്. എത്തിക്കൽ ട്രേഡിങ് ഇനീഷ്യേറ്റീവിന്റെ സൗത്ത് ഏഷ്യ റീജണൽ ഡയറക്ടർ റാണ അലോക് സിംഗ്, ഗ്രാമീൺ ക്യാപിറ്റൽ ഇന്ത്യ സിഇഒ റോയ്സ്റ്റൺ ബ്രഗൻസ, മാനെ കൺകോർ ഇൻഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഇഡിയുമായ ഡോ. ഗീമോൻ കോര, ഇർമ സർവകലാശാലയിലെ ബിസിനസ് ഓൺ വാല്യൂസ് വിഭാഗം ഇസാഫ് ചെയറും അസോസിയേറ്റ് പ്രഫസറുമായ സുശാന്ത കുമാർ ശർമ എന്നിവർ സെമിനാറിൽ സംവദിച്ചു. സംരംഭക മേഖലയിലെ ധാർമിക വ്യാപാരം, സാമ്പത്തിക സ്വാധീനം, നേതൃത്വ വികസനം എന്നിവയിലുള്ള അനുഭവങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ചും ക്ലാസുകൾ നടത്തി. ‘ബിസിനസ് മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം; വാസുദര ഡയറി കോഓപ്പറേറ്റീവിന്റെ നിരീക്ഷണങ്ങൾ’ എന്ന പേരിലുള്ള പഠന റിപ്പോർട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു.
