തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പാർട്ടിയിൽ സജീവമാക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിനെന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റി. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കെ സംഘടനയെ നയിച്ചതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിനു കഴിയുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ചില സ്ഥാനാർത്ഥികൾക്ക് വേണ്ടി ബിനീഷ് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഔദ്യോഗിക പ്രചാരണത്തിന് സിപിഎം ക്ഷണിച്ചിരുന്നില്ല. ഇങ്ങനെ മാറ്റി നിർത്തേണ്ട ആളാണോ ബിനിഷെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ജില്ലാ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിൽ മുൻപ് അംഗമായിരുന്നു ബിനീഷ്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ ശരിയായ രീതിയിൽ പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രവർത്തിക്കാൻ പാർട്ടി അവസരം നൽകുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്ക് ബിനീഷ് കോടിയേരിയെ ക്ഷണിച്ചിരുന്നു. ഇതേക്കുറിച്ച് അറിയിച്ച് തലസ്ഥാനത്തെ പ്രധാന നേതാവ് ബിനീഷിനോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചതോടെ ഒഴിവാക്കാൻ പാർട്ടി നിർദേശിക്കുകയായിരുന്നു. ‘ഇവരോടൊക്കെയാണോ സൗഹൃദം?’ എന്നും അന്ന് ജില്ലാ നേതൃത്വത്തിലുള്ള നേതാക്കൻമാരിലൊരാൾ ഫോട്ടോ പങ്കുവെച്ച നേതാവിനോട് ചോദിക്കുകയും ചെയ്തിരുന്നുവെന്നാണ് തിരുവനന്തപുരത്തെ സംസാര വിഷയം.
