Home » Blog » kerala Max » ബിജെപി വടകര ഘടകത്തിൽ പൊട്ടിത്തെറി; സുരേന്ദ്രനും ജില്ലാ നേതൃത്വത്തിനുമെതിരെ പരസ്യ പ്രതിഷേധം
bjp2

വടകര, നാദാപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലെത്തുകയും ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിക്കുന്ന നിലയിലേക്ക് പ്രതിഷേധം വളരുകയും ചെയ്തു. വിമത നീക്കം നടത്തിയ ശ്യാംരാജ് കൂരിയാടി ഉൾപ്പെടെ 9 പേരെ പാർട്ടി പുറത്താക്കിയതോടെ വടകരയിൽ ബിജെപി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ മെറിറ്റല്ല, മറിച്ച് കെ. സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണന്റെയും പെട്ടിപിടിത്തക്കാർക്ക് വേണ്ടിയുള്ള വീതം വെപ്പാണ് നടന്നതെന്ന് പുറത്താക്കപ്പെട്ടവർ ആരോപിക്കുന്നു. കഴിഞ്ഞ തവണ വടകരയിൽ ലഭിച്ച 10,000-ത്തോളം വോട്ടുകൾ ഇത്തവണ 5000 പോലും തികയ്ക്കില്ലെന്ന് പുറത്താക്കപ്പെട്ട ശ്യാംരാജ് കൂരിയാടി വെല്ലുവിളിച്ചു. ബിജെപി കൊടിയേന്തി തന്നെ വടകര നഗരത്തിൽ പ്രവർത്തകർ ജില്ലാ പ്രസിഡന്റിനെതിരെ പാർട്ടിക്കുള്ളിലെ പാഷാണം എന്ന് വിളിച്ച് പ്രതിഷേധിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ബിജെപിയിലെ ഈ ആഭ്യന്തര കലഹം വടകരയിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടെന്ന ആരോപണത്തിന് ശക്തി പകരാൻ സിപിഎം ഉപയോഗിക്കുന്നു. വടകര എംപി ഷാഫി പറമ്പിലിന്റെയും പാറക്കൽ അബ്ദുള്ളയുടെയും ഒത്താശയോടെയാണ് ഈ ഡീൽ നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. തോൽവി ഭയന്നാണ് സിപിഎം ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റെ പ്രതികരണം.