ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. മൂന്നാമത്തെ പീഡന പരാതിയിലാണ് കഴിഞ്ഞ ദിവസം രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. കീഴ്ക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിഭാഗം ഇനി സെഷൻസ് കോടതിയെ സമീപിക്കാനാണ് സാധ്യത.
പ്രൊസിക്യൂഷന്റെ ശക്തമായ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലായിരുന്നു രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ നടന്നത്. രാഹുലിനെതിരെ സമാനമായ മറ്റ് രണ്ട് ലൈംഗിക പീഡന പരാതികൾ നിലവിലുണ്ടെന്നും, ഇത്തരത്തിൽ നിരന്തരം പരാതികൾ ഉയരുന്നത് ഗൗരവകരമാണെന്നും പ്രൊസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദവും കോടതി പരിഗണിച്ചു
എന്നാൽ രാഹുലിനെതിരെയുള്ളത് കെട്ടിച്ചമച്ച കേസുകളാണെന്നും പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമായിരുന്നു എന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ വാദിച്ചത്. ഇതിനെ സാധൂകരിക്കുന്ന ചാറ്റ് വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധിയായ രാഹുൽ അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം നൽകിയാൽ മുങ്ങാൻ സാധ്യതയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് സ്വീകരിച്ചില്ല.
