മലയാളികളുടെ പ്രിയപ്പെട്ട ‘മല്ലു അർജുൻ’ എന്ന അല്ലു അർജുന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ‘ഹാപ്പി’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള താരത്തിന്റെ ആദ്യകാല സിനിമകളെല്ലാം ഇവിടുത്തെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. 2006-ൽ എ. കരുണാകരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം അന്ന് കേരളത്തിലെ തിയേറ്ററുകളിൽ 150 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ച് വലിയ വിജയമാണ് നേടിയത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ബിഗ് സ്ക്രീനിൽ ആവേശം വിതറാൻ ഒരുങ്ങുന്നത്.
ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ഈ ചിത്രം റീ-റിലീസിന് എത്തിക്കുന്നത് രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്. നേരത്തെ ഏപ്രിൽ 24-ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ആ തീയതി മാറ്റിയിട്ടുണ്ട്. പുതിയ റിലീസ് തീയതി വിതരണക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവർ തകർത്തഭിനയിച്ച ചിത്രം രണ്ടാം വരവിലും കേരളക്കരയിൽ വൻ വരവേൽപ്പ് നേടുമെന്നാണ് സിനിമാ ലോകത്തിന്റെ കണക്കുകൂട്ടൽ.
യുവൻ ശങ്കർ രാജ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ലിസ്റ്റിലുണ്ട്. മികച്ച നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരേപോലെ കരസ്ഥമാക്കിയ ‘ഹാപ്പി’ യുടെ ഈ മടങ്ങിവരവ് ആരാധകർക്ക് വലിയ ആഘോഷത്തിനുള്ള അവസരമാണ് നൽകുന്നത്. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ വാർത്താപ്രചരണം നിർവ്വഹിക്കുന്നത്. പഴയകാല ഓർമ്മകൾ പുതുക്കിക്കൊണ്ട് അല്ലു അർജുന്റെ കിടിലൻ ഡാൻസും പ്രണയവും വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.
