
<strong>ബ്യൂണസ് അയേഴ്സ്</strong> : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. പിതാവിന്റെ മരണത്തിന് പിന്നാലെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന സൂചന മെസ്സി നൽകിയിരുന്നു. അർജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.
ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവ്വതും നൽകിയിട്ടുണ്ട്. അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കും. അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വർഷത്തെ സ്നേഹത്തിന് നന്ദി- രാജ്യത്തിനായി 2022 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ വിരമിക്കൽ കുറിപ്പിൽ പറയുന്നു.
