
ലുധിയാന: ഒരേ സംസ്ഥാനത്തെ രണ്ട് സർവകലാശാലകൾ, രണ്ട് വ്യത്യസ്ത ആരോപണങ്ങൾ, പക്ഷേ ഇരിടത്തും വിദ്യാർഥികളുടെ സുരക്ഷയാണ് പ്രതിഷേധത്തിന് പിന്നിലെ പ്രധാന വിഷയം. പഞ്ചാബിലെ ചിറ്റ്കാര സർവകലാശാലയിൽ ഹോസ്റ്റലിൽ പ്രേതസാന്നിധ്യമുണ്ടെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രതിഷേധമുണ്ടായതെങ്കിൽ, ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ പുറത്തുനിന്നെത്തിയ ഒരാൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണമാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സെപ്റ്റംബർ 25ന് ചിറ്റ്കാരയിലും 26, 27 തീയതികളിൽ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലുമാണ് പ്രതിഷേധവും സംഘർഷവും ഉണ്ടായത്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പ്രത്യേക ഡി.ജി.പി. പർവീൺ സിൻഹ വ്യക്തമാക്കി.
ചിറ്റ്കാര സർവകലാശാലയിൽ സെപ്റ്റംബർ 23 മുതലാണ് ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന അഭ്യൂഹം പ്രചരിച്ചത്. ചില വിദ്യാർഥിനികൾ സ്പീക്കറിലൂടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേട്ടതായി പറഞ്ഞതിനെ തുടർന്ന് വാർഡൻ മുറികളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ഹോസ്റ്റലിൽ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ പ്രേതമാണ് ശബ്ദങ്ങൾക്ക് പിന്നിലെന്നും പ്രചാരണമുണ്ടായി. സെപ്റ്റംബർ 24ന് അർധരാത്രി ആംബുലൻസും പിന്നീട് ഒരു പുരോഹിതനും കാമ്പസിലെത്തിയത് അഭ്യൂഹം ശക്തമാക്കി. എന്നാൽ ആശുപത്രിയിൽനിന്ന് ഒരു വിദ്യാർഥിയെ തിരിച്ചെത്തിക്കാനാണ് പുലർച്ചെ 2.50ഓടെ ആംബുലൻസ് എത്തിയതെന്നും ഉച്ചയ്ക്ക് മൂന്നുമണിയോടെ ഒരു വിദ്യാർഥിനിയുടെ പിതാവായ പുരോഹിതൻ മകളെ കാണാനാണ് എത്തിയതെന്നും സർവകലാശാല വ്യക്തമാക്കി. മരണങ്ങളോ ആത്മഹത്യകളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇതോടെ വിദ്യാർഥികൾക്കിടയിൽ ഭീതിയും അരക്ഷിതാവസ്ഥയും വർധിച്ചതായാണ് റിപ്പോർട്ട്. രണ്ട് വിദ്യാർഥികളെ കാണാതായെന്ന ആരോപണവുമായി പ്രതിഷേധം ശക്തമായി. സംഘർഷത്തിനിടെ രണ്ട് പോലീസ് വാഹനങ്ങളും കാമ്പസിലെ സാധനസാമഗ്രികളും തകർത്തതായും ഒരു പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്. എന്നാൽ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പ്രചാരണം മാത്രമാണ് പ്രതിഷേധക്കാർ നടത്തിയതെന്നും അവരുടെ പേരോ ചിത്രമോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ നൽകാൻ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു. ഒരു വിദ്യാർഥിയെയും കാണാതായിട്ടില്ലെന്നും അഭ്യൂഹത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
