Home » Blog » Kerala » പ്രിയങ്ക ഗാന്ധിയുടെ നേന്ത്രക്കുല തുലാഭാരവും ആനയൂട്ടും കോർത്തിണക്കി കോൺഗ്രസ് കലണ്ടർ; വയനാട്ടുകാർക്ക് പ്രിയങ്കയുടെ ‘പുതുവത്സര സമ്മാനം’
priyanka-gandhi-and-rahul-gandhi-680x450

വയനാടിന്റെ സ്വന്തം എംപിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പുതുവർഷം ആഘോഷമാക്കാൻ പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക കലണ്ടർ പുറത്തിറക്കി കോൺഗ്രസ്. മണ്ഡലത്തിലെ വോട്ടർമാർക്കുള്ള പുതുവത്സര സമ്മാനമായാണ് പ്രിയങ്കയുടെ മണ്ഡല പര്യടനങ്ങളിലെ ഹൃദ്യമായ നിമിഷങ്ങൾ കോർത്തിണക്കി കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. മുൻ എംപി രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി മുൻ വർഷങ്ങളിൽ കലണ്ടർ പുറത്തിറക്കിയ മാതൃക പിന്തുടർന്നാണ് പ്രിയങ്കയുടെ ചിത്രങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത്. വണ്ടൂർ എംഎൽഎ എ.പി. അനിൽകുമാർ കലണ്ടറിന്റെ പ്രകാശനം നിർവ്വഹിച്ചു.

പ്രിയങ്കയുടെ വയനാടൻ യാത്രകളിലെ വേറിട്ട കാഴ്ചകളാണ് കലണ്ടറിലെ ഓരോ മാസത്തെയും പേജുകളെ അലങ്കരിക്കുന്നത്. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നേന്ത്രക്കുലകൾ കൊണ്ട് പ്രിയങ്ക നടത്തിയ തുലാഭാരമാണ് ജനുവരി മാസത്തെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈപിടിച്ച് നിലമ്പൂർ ചോലനായ്ക്കർ കോളനിയിലൂടെ നടക്കുന്ന ചിത്രം ഫെബ്രുവരി മാസത്തെ വികാരഭരിതമായ ഓർമ്മയാക്കുന്നു. ഗോത്രവിഭാഗങ്ങളുമായുള്ള സമ്പർക്കം, ചെറുവയൽ രാമനോടൊപ്പം കൃഷിയിടത്തിൽ ചിലവഴിച്ച നിമിഷങ്ങൾ, ആനയ്ക്ക് ഭക്ഷണം നൽകുന്നത് എന്നിവ കലണ്ടറിലെ പ്രധാന ആകർഷണങ്ങളാണ്.

വയനാടിന്റെ സംസ്കാരവും പ്രകൃതിയുമായി പ്രിയങ്കാ ഗാന്ധി ഇഴുകിച്ചേർന്ന നിമിഷങ്ങൾ ഓരോ വീട്ടിലുമെത്തിക്കുക എന്നതാണ് ഈ കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്. വണ്ടൂരിൽ നടന്ന പ്രകാശന ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, യുഡിഎഫ് നേതാക്കൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.