
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചരിത്രപരമായ ‘വയോജന സംരക്ഷണ ബിൽ’ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവും അര ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ് ബിൽ. പ്രായമായവരെ വീട്ടിൽ നിന്ന് ഇറക്കിവിടുന്നതും കൈവശമുള്ള സ്വത്തോ സാധനങ്ങളോ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും സംരക്ഷണം നൽകാതെ ഉപേക്ഷിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. രാജ്യത്ത് തന്നെ ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച ശേഷമാണ് കേരളം ഈ പുതിയ നിയമ നിർമ്മാണത്തിലേക്ക് കടക്കുന്നത്.
കേരളത്തിലെ ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കായി പോയി എന്ന ഭയം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നതെന്നും, ഈ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും സമഗ്രമായ ഡാറ്റ സർക്കാരിന്റെ കൈവശമുണ്ടെന്നും ഇതിലൂടെ പ്രത്യേക പരിചരണം ആവശ്യമുള്ളവരെ എളുപ്പത്തിൽ കണ്ടെത്തി അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജന പരിപാലനം കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി പ്രത്യേക ‘കെയർഗിവേഴ്സ്’ കോഴ്സുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുതിർന്ന പൗരന്മാരുടെ പരാതികൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും അവർക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യും. ഇവരെ സഹായിക്കാനായി വയോജന അയൽപക്ക സൗഹൃദ ശൃംഖലകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ്പ് ലൈൻ സംവിധാനവും സജ്ജമാക്കും. പ്രായമായവരുടെ പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം സ്വന്തം വീടുകളിൽ കഴിയാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ നേരിട്ട് ഒരുക്കി നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വയോജന സൗകര്യ ഡെസ്കുകൾ പ്രവർത്തിക്കും.
പൊതു കെട്ടിടങ്ങൾ മുതിർന്ന പൗരന്മാർക്ക് എളുപ്പത്തിൽ ഉപയോഗിക്കത്തക്ക രീതിയിലാണ് ഇനി മുതൽ നിർമ്മിക്കുക. കൂടാതെ ഓൺലൈൻ പോർട്ടലുകളിൽ വലിയ അക്ഷരങ്ങളും ലളിതമായ ഇന്റർഫേസുകളും ഉറപ്പാക്കും. ഇൻഷുറൻസ് പദ്ധതികൾ, സമഗ്രമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, കൃത്യമായ ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പു വരുത്തിക്കൊണ്ട് വയോജനങ്ങളുടെ സമഗ്ര ക്ഷേമമാണ് സർക്കാർ ഈ പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
