Home » Blog » Health » പ്രമേഹ ചികിത്സയിൽ പുതിയ വഴിത്തിരിവ്; പ്രതിവാര ഇൻസുലിനുമായി നോവോ നോർഡിസ്ക്
7

കൊച്ചി: ലോകത്തിലെ ആദ്യ പ്രതിവാര ബേസൽ ഇൻസുലിനായ അവിക്ലി® (ഇൻസുലിൻ ഐകോഡെക്) ഇന്ത്യയിൽ അവതരിപ്പിച്ച് നോവോ നോർഡിസ്ക് ഇന്ത്യ. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂർത്തിയായവർക്കായുള്ള ഈ ഇൻസുലിൻ ദിവസേനയുള്ള കുത്തിവയ്പ്പിന് പകരം ആഴ്ചയിൽ ഒരിക്കൽ മാത്രം നൽകിയാൽ മതിയാകും. ഇതോടെ വർഷത്തിൽ 365 കുത്തിവയ്പ്പുകൾക്ക് പകരം വെറും 52 കുത്തിവയ്പ്പുകളായി കുറയും.

പ്രമേഹ നിയന്ത്രണത്തിൽ രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ദിവസേനയുള്ള കുത്തിവയ്പ്പിന്റെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അവിക്ലി അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ചികിത്സ ആരംഭിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനും ചികിത്സ ഫലപ്രദമായി തുടരാൻ സഹായിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അവിക്ലി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുൾപ്പെടയുള്ള രോഗികൾ പങ്കെടുത്ത ONWARDS ക്ലിനിക്കൽ പഠനങ്ങളിൽ, നിലവിലെ പ്രതിദിന ബേസൽ ഇൻസുലിനുകളെ അപേക്ഷിച്ച് മികച്ച HbA1c നിയന്ത്രണവും കൂടുതൽ ‘ടൈം ഇൻ റേഞ്ചും’ അവിക്ലി കൈവരിച്ചിട്ടുണ്ട്.

ഒരു നൂറ്റാണ്ടിലേറെയായി പ്രമേഹ ചികിത്സ കൂടുതൽ ലളിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നോവോ നോർഡിസ്ക് നടത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രം നൽകുന്ന ബേസൽ ഇൻസുലിൻ എന്ന ആശയം വർഷങ്ങളായുള്ള ഗവേഷണത്തിന്റെ ഫലമാണ്. ഇൻസുലിൻ ചികിത്സയോടുള്ള ഭയവും മടിയും കുറച്ച് കൂടുതൽ ആളുകൾക്ക് മികച്ച പ്രമേഹ നിയന്ത്രണവും മെച്ചപ്പെട്ട ജീവിത നിലവാരവും കൈവരിക്കാൻ അവിക്ലി സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, നോവോ നോർഡിസ്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  പലർക്കും ഇൻസുലിൻ ചികിത്സ ആവശ്യമായി വരും. എന്നാൽ ദിവസേന കുത്തിവയ്പ്പ് എടുക്കേണ്ടി വരുമെന്ന ആശങ്ക പലരും ചികിത്സ വൈകിക്കാൻ ഇടയാക്കുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രം നൽകുന്ന ബേസൽ ഇൻസുലിൻ ഈ ആശങ്ക കുറയ്ക്കാനും ചികിത്സ കൂടുതൽ എളുപ്പമാക്കാനും സഹായിക്കും.”ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. എസ്. കെ. വാങ്നൂ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ 10 കോടിയിലധികം പേർ പ്രമേഹവുമായി ജീവിക്കുമ്പോൾ, 13.6 കോടിയിലധികം പേർ പ്രീ-ഡയബറ്റിസ് അവസ്ഥയിലാണെന്നാണ് കണക്കുകൾ. ദിവസേനയുള്ള കുത്തിവയ്പ്പിനെക്കുറിച്ചുള്ള ഭയം, ചികിത്സയുടെ സങ്കീർണ്ണത, ചെലവിനെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം ഇൻസുലിൻ ചികിത്സ ആരംഭിക്കാൻ ശരാശരി 7 മുതൽ 9 വർഷം വരെ വൈകുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ എളുപ്പമുള്ള ആഴ്ചയിലൊരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന ‘ഫ്ലെക്സ് ടച്ച്‌’ പെൻ ഉപകരണം വഴി നല്‍കുന്ന അവിക്ലി എത്തുന്നതോടെ രോഗികളുടെ ഈ ഭയം മാറുമെന്നും കൃത്യസമയത്ത് ചികിത്സ തേടാൻ ജനങ്ങള്‍ മുന്നോട്ടുവരുമെന്നും നോവോ നോർഡിസ്ക് വ്യക്തമാക്കുന്നു.