പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി

പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. പൊലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് മരിച്ച അഷ്‌വിക.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

പെൺകുട്ടിയുടെ വീടിന് സമീപത്തായി 5 വർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായി. പിന്നീട് അണ്ണാ നഗറിലേക്ക് താമസം മാറിയ പ്രവീൺ പെൺകുട്ടിയെ ഇടയ്ക്കിടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.

സംഭവത്തിന്റെ തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് പ്രവീൺ കാണാനിടയായി. ഇതേത്തുടർന്ന് പ്രകോപിതനായ ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. എഎസ്പി സൃഷ്ടി സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി.

More From Author

Leave a Reply

Your email address will not be published. Required fields are marked *