അത്യാധുനിക സൗകര്യങ്ങളുമായി രാജ്യത്തെ ഏതൊരു സംസ്ഥാനവും കൊതിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായതെന്നും കിഫ്ബി എന്ന സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയത് പൊതുവിദ്യാലയങ്ങളാണെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ സൗത്ത് ഗവ. എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങളില്‍ വന്ന മാറ്റമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് ഊര്‍ജമായത്. പൊതുവിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 5,000 കോടി രൂപയിലേറെ ചെലവിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
75 ലക്ഷം രൂപ ചെലവിട്ടാണ് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. ആധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹാളും ശുചിമുറികളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സാറ ജാഫര്‍ അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. രാജീവ് മുഖ്യാതിഥിയായി. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രധാനാധ്യാപകന്‍ ആര്‍. ശ്രീജിത്ത്, പി.ടി.എ പ്രസിഡന്റ് അഫ്യാഹ് പാടത്ത്, കെ ടി സ്മിജിത്ത്, സുരേഷ് അരിക്കനാട്, ജബ്ബാര്‍ മാസ്റ്റര്‍, കെ പി ഹുസൈന്‍, കെ. വിശ്വനാഥന്‍, പ്രവീണ്‍ കുമാര്‍, കെ ജീജ, ജയന്‍ കട്ടാമ്പള്ളി, അബ്ദുല്‍ സി ജലീല്‍ എന്നിവര്‍ സംസാരിച്ചു.
