വെക്കേഷൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മനോഹരമായ ഇടമാണ് മാലിദ്വീപ്. ഈ നവംബർ മാസം മുതൽ രാജ്യത്ത് പുതിയതും കർശനവുമായ ചില നിയമങ്ങളാണ് മാലിദ്വീപ് ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്. ഇത് മാലിക്കാർക്ക് മാത്രമല്ല, അവിടെ എത്തുന്ന വിനോദസഞ്ചാരികൾക്കും ബാധകമാണ്.
പുകവലി രഹിത തലമുറ ലക്ഷ്യം
പുകവലിയില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം. നവംബർ 1 മുതൽ, 2007 ജനുവരി ഒന്നിനും അതിനുശേഷവും ജനിച്ചവർക്ക് മാലിദ്വീപിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനോ കൈവശം വയ്ക്കാനോ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു.
ടൂറിസ്റ്റുകൾക്കും ഈ നിയമം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, മദ്യത്തിന്റെ ഇറക്കുമതിക്കും വാപ്പിങ്ങിനും മാലിദ്വീപ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പുകവലിയുടെ ദൂഷ്യവശങ്ങളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിനുള്ള ഒരു ചരിത്രപരമായ നാഴികക്കല്ലായാണ് അധികൃതർ ഈ തീരുമാനത്തെ കാണുന്നത്.
കർശന നിയന്ത്രണങ്ങൾ
ഇ-സിഗരറ്റ് നിരോധനം: 2024 മുതൽ ഇ-സിഗരറ്റിന്റെ ഇറക്കുമതി, വിൽപന, ഉപയോഗം, കൈവശം വയ്ക്കൽ, വിതരണം ചെയ്യൽ എന്നിവയിൽ നിന്ന് എല്ലാ പ്രായത്തിലുള്ളവരെയും പൂർണ്ണമായി വിലക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ: ജോലിസ്ഥലങ്ങൾ, തീയേറ്ററുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ പുകവലി നിയമപ്രകാരം അനുവദനീയമല്ല.
വിൽപന നിരോധനം: കടകൾ, റിസോർട്ടുകൾ, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴയ്‌ക്കൊപ്പം സാധനങ്ങൾ കണ്ടുകെട്ടുകയും മറ്റ് ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അതിനാൽ, മാലിദ്വീപ് യാത്ര പ്ലാൻ ചെയ്യുന്നവർ ഈ പുതിയ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
