മുംബൈ: ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിനിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു മഹാരാഷ്ട്ര പൊലീസ് കോൺസ്റ്റബിൾ. രാജ്യവ്യാപകമായി ജെൻ സിയുടെ വ്യത്യസ്ത പ്രതിഷേധരീതികൾ വൈറലായതോടെയാണ് കോൺസ്റ്റബിൾ വിനോദ് കലുഖെയും ഇന്റർനെറ്റിലെ പുതിയ താരമായി മാറിയത്.
മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ കണ്ടന്റ് ക്രിയേറ്ററായ ശ്രേയ ചദ്ദ ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. ലാന ഡെൽ റെയുടെ “Everybody Knows That I’m a Good Girl, Officer” എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ റീലിൽ പ്രത്യക്ഷപ്പെട്ട വിനോദ് കലുഖെയെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ‘പൂക്കി’ എന്ന് വിശേഷിപ്പിച്ചാണ് കമന്റുകളുമായി എത്തിയത്.
വീഡിയോ ലക്ഷക്കണക്കിന് ആളുകളിലെത്തിയതോടെ കോൺസ്റ്റബിളിന്റെ ശാന്തമായ മുഖഭാവവും പ്രതികരണവുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ ‘പൂക്കി പൊലീസ്’ എന്ന പേരിലും വിനോദ് കലുഖെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
