2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെയായി പാര്‍പ്പിട സമുച്ചയങ്ങളും വീടുകളും അടക്കം 5800 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു നല്കാന് സാധിച്ചതായി മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോയിപ്പടിയില് പുനര്‍ഗേഹം പദ്ധതിയിലൂടെ നിര്‍മിച്ച സുഭദ്രം പാര്‍പ്പിട സമൂച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2450 കോടി ചെലവില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ സംസ്ഥാനത്ത് കടല്‍ത്തീരത്ത് 50 മീറ്റര്‍ കഴിയുന്ന 9108 കുടുംബങ്ങള്‍ മാറി താമസിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇതില്‍ 6000 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി ജില്ലാ തല കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുകയും ചെയ്തു. 5800 കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
തീരദേശ മേഖലയില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. തീരദേശത്തെ ജനങ്ങളുടെ സുരക്ഷയും അഭിമാനവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തീരദേശത്തെ ജനങ്ങളെ സുരക്ഷിതരാക്കുന്നതിന് 23.20 കോടി രൂപ വിനിയോഗിച്ചാണ് കോയിപ്പാടിയില്‍ ഭവന സമുച്ചയം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 24 കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറുന്നതിലൂടെ ഒരു പുതിയ ജീവിതത്തിന് തുടക്കമാവുകയാണെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ രൂപേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി രമേശന്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബല്‍കിസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ എ.കെ ആരിഫ്, എം.പി ഖാലിദ്, ഇനാസ് ഫവാസ് കോഹിനൂര്‍, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാരദ, ഉത്തരമേഖല ഫിഷറീസ് ജോയിന്‍ ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.എച്ച് ശരീഫ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ ലബീബ് നന്ദിയും പറഞ്ഞു.
വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിനാണ് ഈ ബൃഹത്തായ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്നും ഫിഷറീസ് വകുപ്പിന് കൈമാറി ലഭിച്ച 1.93 ഏക്കര്‍ ഭൂമിയില്‍ 23.20 കോടി രൂപ അടങ്കല്‍ തുകയിലാണ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ആകെ 120 വ്യക്തിഗത ഫ്ലാറ്റുകള്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ 24 ഫ്ലാറ്റുകളാണ് ഇപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 308 ഗുണഭോക്താക്കള്‍ ഭൂമി വാങ്ങി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുനര്‍ഗേഹം പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 23.90 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. കൂടാതെ BIF & HDF പദ്ധതിയിലൂടെ നിരവധി കുടുംബങ്ങളെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
തീരദേശത്തിന് സുരക്ഷയൊരുക്കി ‘സുഭദ്രം’; ഹനീഫയും കുടുംബവും ഇനി ഭദ്രം
മഴക്കാലമായാല്‍ ഉള്ളില്‍ തീയാണ്. തിരമാലയുടെ വേഗം കൂടിയാല്‍ എല്ലാം തീരും. നിലം പൊത്താറായ ജീവിത സ്വപ്നങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ച സന്തോഷത്തിലാണ് പെറുവാട് കടപ്പുറത്ത് താമസക്കാരായിരുന്ന നാല്പ്പത്തിയെഴുക്കാരനായ ഹനീഫയും ഉമ്മയും ഭാര്യ ആയിഷയും നാലു മക്കളുമടങ്ങുന്ന കുടുംബം. കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന പുനര്‍ഗേഹം എന്ന തീരദേശ പുനരധിവാസ പദ്ധതിയിലൂടെ കോയിപ്പാടി നാരായണ മംഗലത്ത് ഒന്നാംഘട്ട ത്തില്‍ വീട് ലഭിച്ച 24 കുടുംബങ്ങളില്‍ ഒന്നാണ് ഹനീഫയുടേത്.
47 വര്‍ഷമായി ഹനീഫ ജീവിക്കുന്നത് ഇടിഞ്ഞു വീഴാറായ ഒറ്റമുറി വീട്ടിലാണ്. ഇരുട്ട് മൂടിയ പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നല്ല പകലുകളെ സ്വപ്നം കണ്ട് അവര്‍ ജീവിച്ചു. കടലില്‍ നിന്ന് 50മീറ്റര്‍ ദൂരത്തിലാണ് വീട് സ്ഥിതി ചെയുന്നത്. മഴക്കാലം എന്നത് പേടി സ്വപ്നമായിരുന്നു ഹനീഫയ്ക്ക്. മഴക്കാലത്ത് വീട് പൂര്‍ണമായും ചോര്‍ന്നോലിക്കും. തിര ഒന്നിളകി വന്നാല്‍ വീട് തകര്‍ന്നുപോകും. പൂര്‍ണമായും ക്ഷയിച്ച വീടില് താമസിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ നിലവില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചു തൊട്ടടുത്ത അനിയന്റെ വീട്ടിലാണ് ഹനീഫയും കുടുംബവും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നത്. ഹനീഫയും ആണ്മക്കളും കടത്ത് വഞ്ചിയില്‍ പോയ് മീന്‍ പിടിച്ചു വിറ്റാണ് ഉപജീവനം നടത്തുന്നത്. ഇനി ഏത് മഴയെയും വേലിയേറ്റത്തെയും ഭയക്കാതെ സുരക്ഷിതമായ തണലില്‍ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് ഹനീഫയും കുടുംബവും.
തിരമാലകള്‍ കവര്‍ന്ന സ്വപ്നങ്ങള്‍ക്ക് ഇനി സുരക്ഷിത തീരം; ‘പുനര്‍ഗേഹം’ കരുതലായി
കടല്‍ക്ഷോഭത്തിന്റെ ഭീതിയില്‍ കഴിഞ്ഞിരുന്ന ഒരു വൃദ്ധമനസ്സിന്റെ ആധിക്ക് ഒടുവില്‍ അറുതിയാകുന്നു. തീരദേശത്തിന്റെ കണ്ണീരൊപ്പുന്ന ‘പുനര്‍ഗേഹം’ പദ്ധതിയിലൂടെ കോയിപ്പാടി കടപ്പുറത്തെ 67-കാരനായ ഹസൈനാര്‍ക്ക് ഇനി സുരക്ഷിതമായൊരു ഫ്ളാറ്റില്‍ അന്തിയുറങ്ങാം. ഹൃദ്രോഗബാധിതനായ ഹസൈനാര്‍ കഴിഞ്ഞ 35 വര്‍ഷമായി മത്സ്യബന്ധനം നടത്തിയാണ് തന്റെ കുടുംബം പുലര്‍ത്തുന്നത്. കടലില്‍ നിന്ന് വെറും 50 മീറ്റര്‍ മാത്രം ദൂരെയുള്ള, ഇടിഞ്ഞുപൊളിഞ്ഞ ഒരു കൊച്ചു വീട്ടിലായിരുന്നു ഇത്രയും കാലം അദ്ദേഹത്തിന്റെ താമസം. ഓരോ തവണ കടലെറ്റം ഉണ്ടാകുമ്പോഴും പാകം ചെയ്തു വെച്ച ആഹാരം പോലും കടലെടുക്കുന്ന ദയനീയാവസ്ഥയിലായിരുന്നു ആ ജീവിതം. രോഗവും വാര്‍ദ്ധക്യവും തളര്‍ത്തിയ ഹസൈനാര്‍ക്ക് കുനിഞ്ഞ് കയറിയില്ലെങ്കില്‍ തല ഇടിക്കുന്ന
ആ കൊച്ചു വീട് ഒരു സുരക്ഷിത കേമേ ആയിരുന്നില്ല. എന്നാല്‍, തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതി ഹസൈനാറുടെ ജീവിതത്തില്‍ വെളിച്ചമായി മാറുകയാണ്. കോയിപ്പാടിയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയത്തില്‍ അദ്ദേഹത്തിന് ഫ്ളാറ്റ് അനുവദിച്ചതോടെ, ഇനി ഏത് കടലാക്രമണത്തെയും ഭയക്കാതെ സമാധാനമായി ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധന്. തിരമാലകള്‍ കവര്‍ന്നെടുക്കാത്ത ഒരു പുരയിടത്തിലേക്ക് ഹസൈനാറും കുടുംബവും മാറുന്നത് ആ തീരദേശത്തിന് തന്നെ വലിയൊരു ആശ്വാസവാര്‍ത്തയാണ്.
