മലപ്പുറം: കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വർത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രവാസി വെൽഫെയർ ഖത്തർ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി. പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന കമ്മിറ്റിയംഗം മുനീഷ് എസി, പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡന്റ് ഹസനുൽ ബന്ന, ജില്ലാ ജനറൽ സെക്രട്ടറി ഏകെ സെയ്തലവി, പ്രവാസി വെൽഫെയർ ഖത്തർ നേതാക്കളായ അബ്ദു ഷൂക്കുർ സി, താനൂർ മണ്ഡലം കൺവിനർ മജീദ്, പിപി മൂസക്കുട്ടി, മാർബിൾ ലാന്റ് ഹംസ തലക്കടത്തൂർ എന്നിവർ ചേർന്നാണ് കൈമാറിയത്. ജില്ലയിലെ മന്ത്രിമാർ എംഎൽഎമാർക്കും വരും ദിവസങ്ങളിൽ കൈമാറും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, പ്രവാസി മലയാളികൾ നടത്തുന്ന ജീവിതം പ്രതിക്ഷകളോടൊപ്പം പ്രയാസങ്ങളും നിറഞ്ഞതാണ്. കുടുംബത്തിൽ നിന്ന് അകന്ന്, അന്യദേശങ്ങളിൽ കഠിനാധ്വാനം ചെയ്ത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നതിൽ തർക്കമില്ല. എന്നിരുന്നാലും, അവരനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് വേണ്ട പരിഹാരവും സംരക്ഷണവും ഇന്നും അപൂർണ്ണമാണ്. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കാലങ്ങളായി പ്രവാസികളനുഭവിക്കുന്ന വെല്ലുവിളികളായ യാത്രാ പ്രശ്നം, ക്ഷേമ പദ്ധതികളുടെയും സേവനങ്ങളുടെയും അപര്യാപ്തത, തിരിച്ചെത്തുന്നവരുടെ പുനരധിവാസം, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വോട്ടവകാശം, രേഖകൾ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകൾ, നിയമ സഹായം തുടങ്ങി എല്ലാ മേഖലകളിലും അടിയന്തിരമായി ശ്രദ്ധ പതിയേണ്ട വിഷയങ്ങളും പരിഹാരമാർഗ്ഗങ്ങളും അവകാശ രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപങ്ങൾ സ്വീകരിച്ച് അവരുടെ ശിഷ്ടകാല ജീവിതത്തിനു മുതൽകൂട്ടാവുന്ന രീതിയിൽ സർക്കാർ മേഖലയിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങളും അവകാശ രേഖയിൽ ഉണ്ട്. ഇത്തരത്തിൽ പ്രവാസികളുടെ അനുഭവങ്ങളും ആവശ്യങ്ങളും പ്രതീക്ഷകളും പ്രയാസങ്ങളും ഒരുമിച്ച്ചേർത്ത് രണ്ട് മാസത്തെ പ്രവർത്തനത്തിലൂടെയാണ് പ്രവാസി വെൽഫെയർ ഖത്തർ ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കി പുതിയ സർക്കാരിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
ഇതിനായി ജൂൺ, ജൂലൈ മാസങ്ങളിലായി ഖത്തറിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെ പങ്കെടുപ്പിച്ച് സാമൂഹിക പ്രവർത്തകരുടെ സംഗമം, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി വനിതാ സംഗമം, പ്രവാസി വെൽഫെയറിന്റെ ജില്ലാ, മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തിയും പൊതുജനങ്ങളിൽ നിന്ന് പരമാവധി വിവരശേഖരണം നടത്തി. കൂടാതെ സോഷ്യൽ മീഡിയ വഴി വിവര ശേഖരണത്തിനായി പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കി ജനകീയമായി പ്രവാസികളിൽ നിന്ന് അവരുടെ അനുഭവങളും അഭിപ്രായങ്ങളും ശേഖരിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നും ഈ ഓൺലൈൻ സൗകര്യം വഴി കാമ്പയിനിൽ പങ്കാളികളാക്കി. വിവിധ ലേബർ ക്യാമ്പുകളും കോർണ്ണിഷിലെ മത്സ്യബന്ധന തൊഴിലാളികളെയും സന്ദർശിച്ചും ഗ്രോസറി, സലൂൺ, കഫ്തീരിയ അടിസ്ഥാന മേഖലയിൽ ജോലിചെയ്യുന്നവരുടെ തൊഴിലിടങ്ങളിലെത്തി അഭിപ്രായങ്ങൾ ശേഖരിച്ചും ഇതിന്റെ ഭാഗമാക്കി. ലോകമെങ്ങുമുള്ള മലയാളി പ്രവാസികളെ ഒരുമിച്ച് കൂട്ടി, അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ശക്തമായി മുന്നോട്ട് വെക്കുകയും ജനകീയമായി സമാഹരിക്കുന്ന അഭിപ്രായങ്ങളും ആവശ്യങ്ങളും ജനകീയ പ്രവാസി അവകാശ രേഖയായി ക്രോഡീകരിച്ച്, ശേഷം കിട്ടിയ വിവരങ്ങൾ വിദഗ്ദ സമിതിയുടെ മേൽ നോട്ടത്തിൽ തരംതിരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ച് സംസ്ഥാന ഭരണ സംവിധാനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനും നടപടിക്രമങ്ങൾക്ക് വിധേയമാക്കാനുതകുന്നതുമായ രീതിയിൽ സമ്പൂർണ്ണ ജനകീയ പ്രവാസി അവകാശ രേഖയാക്കി മാറ്റി. ഇത് മന്ത്രിമാർക്കും സംസ്ഥാനത്തെ മുഴുവൻ എംപിമാർക്കും എംഎൽഎമാർക്കും വരും ദിവസങ്ങളിൽ കൈമാറും.