കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിൽ എത്തിയാണ് 11 മണിക്ക് പത്രിക സമർപ്പിച്ചത്. ധർമടം മണ്ഡലത്തിലെ ആദ്യത്തെ പത്രിക സമർപ്പണം നടത്തിയത് പിണറായി വിജയനാണ്. റിട്ടേണിങ് ഓഫിസർ സച്ചിൻ കൃഷ്ണയ്ക്കാണ് പത്രിക സമർപ്പിച്ചത്.
പിണറായിയിൽ നിന്ന് വാഹനപ്രചാരണമായി സബ് റജിസ്ട്രാർ ഓഫിസിലെത്തി പത്രിക സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും വാഹന പ്രചാരണം ഒഴിവാക്കി നേരിട്ട് റജിസ്ട്രാർ ഓഫിസിലേക്ക് എത്തുകയായിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയ നേതാക്കൻമാർ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റുകൊണ്ട് നടപടികൾ പൂർത്തിയാക്കി പിണറായി മടങ്ങി. ‘പറയാനുണ്ട്, പിന്നെപ്പറയാം’ എന്നാണ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു. വൈകിട്ട് മലപ്പുറത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും.
മണ്ഡലത്തിൽ മുഴുവൻ സമയം പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അദ്ദേഹം ഇന്നലെ മമ്പറത്ത് നടത്തിയ പ്രസംഗത്തിടെ സൂചിപ്പിച്ചു. ടീമിനെ നയിക്കുന്ന നേതാവ് എന്ന നിലയിൽ മറ്റു സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തണം. മണ്ഡലത്തിലെ വോട്ടർമാെര കാണുന്ന പ്രവർത്തനം പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാം തവണയാണ് പിണറായി വിജയൻ ധർമടത്ത് മത്സരിക്കുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ തളിപ്പറമ്പിലും മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി.
